‘റാപ്പ് ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ജനാധിപത്യവിരുദ്ധം, താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നു’; കെ പി ശശികലക്കെതിരെ വേടൻ


തനിക്കെതിരെയുള്ള കെ പി ശശികലയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ റാപ്പ് ചെയുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ദളിതർ ഇത് ചെയ്താൽ മതിയെന്ന തിട്ടൂരമാണ് കെ പി ശശികലയുടെ പ്രസ്താവന. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നത് കൊണ്ടാണ് ഈ പരാമർശമെന്നും റാപ്പർ വേടൻ പ്രതികരിച്ചു.
സംഘപരിവാറും ജനാധിപത്യവും തമ്മിൽ പുലബന്ധമില്ല. തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമിക്കുകയാണ്. തനിക്ക് പിന്നിൽ ഒരു തീവ്രവാദശക്തികളുമില്ല. കൃത്യമായ നികുതിയടച്ച പണമാണ് തന്റെ പക്കൽ ഉള്ളതെന്നും വേടൻ കൂട്ടിച്ചേർത്തു.
ഇതിനിടെ റാപ്പർ വേടനെതിരായ കെ.പി ശശികലയുടെ പരാമർശത്തിൽ പ്രതികരണവുമായി പി ജയരാജൻ. വർഗീയ വിഷപ്പാമ്പുകളുടെ വായിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും ശശികലക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പി ജയരാജൻ പ്രതികരിച്ചു. വേടനെതിരായത് ജാതീയമായ അധിക്ഷേപമാണെന്നും സംഘപരിവാർ ആവശ്യത്തിന് പട്ടികജാതിക്കാരെ ഉപയോഗിച്ച് വലിച്ചെറിയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞദിവസമാണ് റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല അധിക്ഷേപപരാമര്‍ശവുമായി എത്തിയത്. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ല ചട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല പറഞ്ഞു. വേടന് മുമ്പിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി എന്നും ഭരണകൂടത്തിന് മുമ്പിൽ അപേക്ഷികയല്ല ആജ്ഞാപിക്കുകയാണ് എന്നും കെ പി ശശികല പറഞ്ഞു.
ഇതിനിടെ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നടത്തിയ അധിക്ഷേപ പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്നാണ് പരാതി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യ കൗമാരങ്ങളോട് പടവെട്ടി സ്വയം ഉയര്‍ന്നുവന്ന കലാകാരനാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന് ഡിവൈഎഫ്‌ഐ പരാതിയില്‍ പറയുന്നു.