മഴക്കാല മുന്നൊരുക്കം: ജില്ലയിലെ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും: ജില്ലാ കളക്ടര്‍


ജില്ലയിലെ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി. 2018 ലെ പ്രളയ ദുരന്തത്തെ മുന്നില്‍ കണ്ടുകൊണ്ടു വേണം ജില്ലയില്‍ ദുരന്ത നിവാരണ പദ്ധതി തയാറാക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ വെള്ളപ്പൊക്കം എന്നിവ ബാധിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി വിവിധ താലൂക്കുകളുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സബ് കളക്ടര്‍മാരും ഡെപ്യൂട്ടി കളക്ടര്‍മാരും ഏകോപിപ്പിക്കും. എല്ലാ താലൂക്കുകളിലും കണ്ട്രോള് റൂമുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ഗര്‍ഭിണികള്‍, ശാരീരിക വൈകല്യങ്ങളുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പു രോഗികള്‍, കുട്ടികള്‍ എന്നിവരുടെ കണക്കെടുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 2018 ലെ പ്രളയത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച, വെള്ളം കയറാത്ത കേന്ദ്രങ്ങള്‍ ഉടന്‍ നിശ്ചയിക്കും. ഇവയുടെ പരിസരത്തെ കാടും പടലവും
തൊഴിലുറപ്പ് പദ്ധതി പ്രകാരം വൃത്തിയാക്കും. ഇവിടുത്തെ ശുചിമുറികള്‍ വൃത്തിയാക്കുന്നതിനും വൈദ്യുതി ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കും.
ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച് കൃത്യത ഉണ്ടായിരിക്കണമെന്നും പകല്‍ സമയത്തായിരിക്കണമെന്നും ഇതു സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് കൃത്യമായി മുന്നറിയിപ്പ് നല്‍കണമെന്നും യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചു.
ഒരു ക്യാമ്പില്‍ രണ്ട് ഐസൊലേഷന്‍ റൂമുകള്‍ പ്രവര്‍ത്തിക്കണമെന്നും പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ സാനിറ്റൈസേഷന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. വില്ലേജ് ഓഫീസര്‍ക്കു പുറമെ എല്ലാ ക്യാമ്പുകളിലും വെല്‍ഫയര്‍ ഓഫീസര്‍ ഉണ്ടായിരിക്കണം. ക്യാമ്പുകളില്‍ ആഹാരവും മെഡിക്കല്‍ സഹായവും തദ്ദേശ സ്വയംഭരണ വകുപ്പ് ഉറപ്പുവരുത്തണം.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ പഞ്ചായത്തുകളിലും ഞായറാഴ്ച ഗ്രാമസഭ വിളിച്ചു ചേര്‍ക്കണം. ഓരോ പഞ്ചായത്തിലും ഓരോ വാര്‍ഡിലും 25 വീടുകള്‍ക്ക് ഒരു വൊളന്റിയറെ നിയമിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
റോഡിന്റെ ഇരുവശങ്ങളില്‍ അഞ്ചു മീറ്റര്‍ ചുറ്റളവിലെ മരച്ചില്ലകള്‍ വെട്ടി വൃത്തിയാക്കണം. റോഡുകളില്‍ കാഴ്ച മറയ്ക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന് കളക്ടര്‍ പറഞ്ഞു. റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണം. മഴക്കാലത്ത് അവധി പ്രഖ്യാപിക്കുമ്പോള്‍ വീടുകളില്‍ ഒറ്റയ്ക്കായി പോകാന്‍ സാധ്യതയുള്ള കുട്ടികളുടെ വിവരം ശേഖരിക്കണം. അവധി ദിനങ്ങളില്‍ ഭക്ഷണം ലഭിക്കാത്ത കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഉണ്ടാക്കണം. വീടുകളില്‍ ഒറ്റയ്ക്കിരുത്താതെ കുട്ടികള്‍ക്ക് അങ്കണവാടികളില്‍ സൗകര്യം ഒരുക്കണം. അങ്കണവാടികളിലുള്ള അഡോളസന്‍സ് ക്ലബ്ബുകള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം. സ്കൂളുകളില്‍ നിന്ന് വീട്ടില്‍ പോകുന്ന കുട്ടികളുടെയും ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികളുടെയും പേര് വിവരങ്ങള്‍ ശേഖരിക്കണം.
സ്കൂളുകളിലും കോളേജുകളിലും വെള്ളക്കെട്ട് തടയണം. അപകടകരമായി ചാഞ്ഞുനില്ക്കുന്ന മരങ്ങള്‍ വെട്ടി വൃത്തിയാക്കണം. തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തണം. മഴക്കാലത്ത് പ്രഖ്യാപിക്കുന്ന അലര്‍ട്ടുകള്‍ വിനോദസഞ്ചാരമേഖലകള്‍ കൃത്യമായി പാലിക്കണം. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2200 പോലീസുകാരെ സജ്ജമാക്കിയിട്ടുണ്ടെന്ന് പൊലീസ് വകുപ്പ് യോഗത്തില്‍ അറിയിച്ചു. ഇടുക്കി എ. ആര് ക്യാമ്പിലെ ക്വിക്ക് റെസ്പോണ്‍സ് ടീം സജ്ജമാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പരിശീലനം നേടിയ 600 സിവില്‍ ഡിഫന്‍സ് വൊളണ്ടിയേഴ്സിന്റെ സേവനം ലഭ്യമാണെന്ന് ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പോലീസും ഫയര്‍ ഫോഴ്സും തങ്ങളുടെ പക്കലുള്ള വൊളന്റിയര്‍മാരുടെ വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ സമിതിക്കു കൈമാറും. തിരുവനന്തപുരം പാങ്ങോട് ക്യാമ്പ് ചെയ്തിട്ടുള്ള എന്‍.ഡി. ആര്. എഫിന്റെ ടീം അടിയന്തര സാഹചര്യത്തില്‍ ജില്ലയില്‍ എത്താന്‍ സജ്ജമാണെന്ന് എന്‍.ഡി.ആര്.എഫ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു.
എം.എം. മണി എം.എല്‍.എ, ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, എഡിഎം ഷൈജു പി. ജേക്കബ്, വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. വാഴൂര്‍ സോമന് എം.എല്‍.എ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.