നിക് ഉട്ടിന് ക്രെഡിറ്റില്ല; പിന്നെ ‘നാപാം ഗേളിന്റെ’ ഭീതി പകര്‍ത്തുമ്പോള്‍ ക്യാമറയ്ക്ക് പിന്നിലുണ്ടായിരുന്നതാര്? തര്‍ക്കം തുടരുന്നു


വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത തുറന്നുകാട്ടിയ ‘നാപാം ഗേള്‍’ ചിത്രത്തിന്റെ ക്രെഡിറ്റില്‍ നിന്നും ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ വേള്‍ഡ് പ്രസ് ഫോട്ടോ സംഘടന നീക്കി. ചിത്രം പകര്‍ത്തിയ ഫൊട്ടോഗ്രഫര്‍ ആരാണെന്ന സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ചിത്രമെടുത്തയാളുടെ പേരിന്റെ സ്ഥാനത്ത് ഇനിമുതല്‍ ‘അറിയില്ല’ എന്ന് രേഖപ്പെടുത്തും.
നാം യുദ്ധകാലത്ത് തെക്കന്‍ വിയറ്റ്നാമിലെ ട്രാങ് ബാങ് നഗരത്തില്‍ അമേരിക്കയുടെ നാപാം ബോംബാക്രമണത്തില്‍ പൊള്ളലേറ്റു നഗ്നയായി കരഞ്ഞുകൊണ്ട് ഓടുന്ന കിം ഫുക്ക് എന്ന ഒമ്പതു വയസ്സുകാരിയാണ് ലോകപ്രശസ്തമായ ‘യുദ്ധത്തിന്റെ ഭീകരത’ എന്ന് പേരിട്ടിട്ടുള്ള നാപാം ഗേള്‍ എന്നറിയപ്പെടുന്ന ചിത്രത്തിലുള്ളത്. 1973 ലെ വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്കാരവും സ്പോട്ട് ന്യൂസ് ഫൊട്ടോഗ്രഫിക്കുള്ള പുലിറ്റ്സര്‍ സമ്മാനവും നേടിയ ചിത്രം അസോഷ്യേറ്റ് പ്രസ് ഫോട്ടോഗ്രാഫറായ നിക്ക് ഊട്ടിനെ ലോകപ്രശസ്തനാക്കി. എന്നാല്‍ ഈ ചിത്രമെടുത്തത് നിക്ക് ഊട്ട് അല്ലെന്നും എന്‍ ബി സിയുടെ സ്ട്രിങ്ഗര് ഫൊട്ടോഗ്രഫറായിരുന്ന നോയന്‍ ടാന്‍ നെ ആണെന്നുമാണ് സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ‘ദ് സ്ട്രിങ്ങര്‍’ എന്ന ഡോക്യൂമെന്ററി അവകാശപ്പെട്ടത്.
എ പിക്ക് 20 ഡോളറിന് താന്‍ ചിത്രം വില്‍ക്കുകയായിരുന്നുവെന്നും, എ പി ജീവനക്കാരനല്ലാത്തതിനാല്‍ തന്റെ ഫോട്ടോയുടെ ക്രെഡിറ്റ് എ പി ജീവനക്കാരനായ നിക്ക് ഉട്ടിന് നല്‍കുകയായിരുന്നുവെന്നുമാണ് നോയന്‍ ടാന്‍ നെ പറയുന്നത്. വേള്‍ഡ് പ്രസ് ഫോട്ടോ നടത്തിയ അന്വേഷണത്തില്‍ നോയന്‍ ടാന്‍ നെയോ ഹെന് കോന്‍ ഫൂക്കോ ആകാം ഈ ഫോട്ടോ എടുത്തിരിക്കാനിടയെന്നാണ് കണ്ടെത്തിയത്.
വസ്തുതകളും തെളിവുകളും മാനിച്ച്, നിക്ക് ഊട്ടിന്റെ പേര് ചിത്രത്തില്‍ നിന്നും നീക്കുകയാണെന്നും ചിത്രത്തിന് നല്കിയ പുരസ്കാരം നിലനില്‍ക്കുമെന്നും സംഘടന വ്യക്തമാക്കി. താന്‍ തന്നെയാണ് ആ ഫോട്ടോ എടുത്തതെന്നും ഈ വിവാദം തന്നെ വ്ല്ലാതെ വേദനിപ്പിച്ചെന്നും നിക്ക് ഊട്ട് പ്രതികരിച്ചു.