ഇന്ന് ലോക വാര്‍ത്താവിനിമയ ദിനം; ഈ വര്‍ഷത്തെ പ്രമേയം ഡിജിറ്റല്‍ സാങ്കേതികരംഗത്തെ ലിംഗസമത്വം


ഇന്ന് ലോക വാര്‍ത്താവിനിമയ ദിനം. ലോകം മുഴുവന്‍ ഒരുകുടക്കീഴില്‍ എന്ന വിപ്ലവകരമായ നേട്ടത്തിന് പിന്നില്‍ വാര്‍ത്താ വിനിമയരംഗത്തുണ്ടായ പുരോഗതിയാണ്. ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ലിംഗസമത്വം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
സാങ്കേതികരംഗത്ത് നിര്‍മിതബുദ്ധിയുടെ ഉപയോഗം വ്യാപമാകുന്ന കാലത്താണ് മറ്റൊരു വാര്‍ത്താവിനിമയദിനം കൂടി വന്നെത്തുന്നത്. മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റിലും മാത്രമല്ല ബിസിനസ് രംഗത്തും ശാസ്ത്രസാങ്കേതികരംഗത്തെ മറ്റുമേഖലകളിലുമെല്ലാം എഐ സേവനം എത്തിക്കഴിഞ്ഞു. ലോകം ഒരു ആഗോള ഗ്രാമമായി മാറുന്നതില്‍ വാര്‍ത്താവിനിമയരംഗത്തെ പുരോഗതി നിര്‍ണായകപങ്ക് വഹിച്ചു. ഡിജിറ്റല്‍ രംഗത്ത് ലിംഗസമത്വം ഉറപ്പാക്കുക എന്നതാണ് ഇത്തവണ ദിനാചരണത്തിന്റെ പ്രധാനലക്ഷ്യം.
1865ല്‍ സ്ഥാപിച്ച രാജ്യാന്തര വാര്‍ത്താ വിനിമയ സംഘടനയാണ് വാര്‍ത്താവിനിമയ ദിനാഘോഷത്തിന് പിന്നില്‍. ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ വിവര ആശയ വിനിമയ സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപകമാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎന്‍ 2006 മുതല്‍ മെയ് 17ന് വാര്‍ത്താ വിനിമയ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്
അന്തര്‍ദേശീയ ടെലി കമ്യൂണിക്കേഷന്‍ യൂണിയന്‍ ഈ ദിവസം ലോക ടെലി കമ്മ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനമായി ആചരിക്കുന്നു. ലോകനിലവാരത്തെ അപേക്ഷിച്ച് ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളില്‍ ഫോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് വാര്‍ത്താ വിനിമയ ദിനമാചരിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇന്ന് ലോകത്ത് ഈ മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.