കുടുംബശ്രീ അംഗങ്ങൾക്ക് ഇരട്ടി വായ്പ
വായ്പ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമായി ഉയർത്തി ഈടോ മറ്റു സെക്യൂരിറ്റിയോ ഇല്ലാതെ സ്വയം സഹായ സംഘങ്ങൾക്ക് ബാങ്കുകൾ കൊടുക്കുന്ന വായ്പയുടെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമായി ഒറ്റയടിക്ക് ഉയർത്തിക്കൊണ്ട് റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച സ്മോൾ ഫിനാൻസ് ബാങ്കുകൾ അടക്കം എല്ലാ വാണിജ്യ ബാങ്കുകൾക്കും നിർദേശം നൽകി.
കേന്ദ്ര സർക്കാരിന്റെ ‘ദീനദയാൽ അന്ത്യോദയ യോജന’ എന്ന പരിപാടിയുടെ അടിസ്ഥാനത്തിൽ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പരിപാടിയുടെ കീഴിലാണ് ഈ വായ്പകൾ നൽകുന്നത്. കുടുംബശ്രീ അയൽക്കൂട്ട പ്രസ്ഥാനത്തിന് ഇത് മുതൽക്കൂട്ടാകും.
ഏറിയ തോതും സ്ത്രീകളാണ് ദേശവ്യാപകമായി, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ. ഉപജീവനത്തിനുള്ള വായ്പ, വീടു പണി, കല്യാണം എന്നീ ആവശ്യങ്ങൾ, പുറത്തു നിന്നെടുത്ത ഉയർന്ന പലിശ നിരക്കിലുള്ള കൈവായ്പകളുടെ തിരിച്ചടയ്ക്കൽ എന്നിവ എല്ലാം കണക്കാക്കി ചെറുകിട വായ്പകൾ നൽകി ‘പൂർണ സാമ്പത്തിക ഉൾപ്പെടുത്തൽ’ പാവപ്പെട്ടവർക്ക് ഉറപ്പാക്കണം എന്നാണ് ബാങ്കുകൾക്ക് കൊടുത്തിട്ടുള്ള നിർദേശം. 25,000 രൂപ മുതൽ, ഇപ്പോൾ ഉയർത്തിയ ഏകദേശം 2 ലക്ഷം രൂപ വരെയുള്ള വായ്പകൾ (ഒരു അയൽക്കൂട്ടത്തിൽ 10 എന്ന കണക്കിൽ) സാധാരണ കുടുംബങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. സ്ത്രീകൾ നയിക്കുന്ന അയൽക്കൂട്ടങ്ങൾക്കു കൊടുക്കുന്ന വായ്പകളിൽ കിട്ടാക്കടം ബാങ്കുകൾക്ക് തുലോം കുറവാണ്.
നിലവിൽ, കേന്ദ്ര സർക്കാർ രാജ്യത്തെ 250 ജില്ലകളിൽ (കേരളത്തിലെ 4 എണ്ണം അടക്കം) കൃത്യമായി തിരിച്ചടവു നടത്തുന്നവർക്ക് 4% വാർഷിക പലിശ നിരക്കിൽ വായ്പ ഉറപ്പു വരുത്തുന്നു. ബാങ്കുകൾ ഈടാക്കുന്ന പലിശയിൽ ബാക്കി തുക സബ്സിഡി ആയി കേന്ദ്രം കൊടുക്കും. മറ്റു ജില്ലകളിൽ, സബ്സിഡി നൽകി പലിശ ഭാരം 7% മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. സ്ത്രീകളുടെ സംഘങ്ങൾക്കു മാത്രമാണു പലിശ സബ്സിഡി.
നിലവിലുള്ള സ്കീമിന്റെ വായ്പാ പരിധി ഉയർത്തുക മാത്രമാണ് മാറ്റം. നേരത്തേ വായ്പ എടുത്തു ശരിയാംവണ്ണം അടച്ചവർക്കാണ് പ്രധാനമായും പ്രയോജനം. കൊടുക്കുന്ന വായ്പകൾക്ക് കേന്ദ്ര സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റിന്റെ പരിരക്ഷ ബാങ്കുകൾക്കു ലഭിക്കും. ബാങ്കുകളിൽ പുതിയ സർക്കുലർ എത്തുന്ന മുറയ്ക്ക്, ഉയർത്തിയ വായ്പാ പരിധിയുടെ പ്രയോജനം കുടുംബശ്രീ സംഘങ്ങൾക്കും അതിലെ അംഗങ്ങൾക്കും ലഭിക്കും. നേരിട്ട് ബാങ്കുകളെ സമീപിക്കുന്നതിനെക്കാൾ എളുപ്പം ‘കുടുംബശ്രീ’ വഴി പോകുകയായിരിക്കും.