തമിഴ്നാട്ടിൽ സർക്കാർ മദ്യവിതരണ കമ്പനിയായ ടാസ്മാകിൽ ഇഡി റെയ്ഡ്


തമിഴ്നാട്ടിൽ സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനായ ടാസ്മാകിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. 1,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ചെന്നൈയിലെ തേനാംപേട്ട് , ചേറ്റുപട്ട, ടി.നഗർ, ചൂലൈമേഡ്, മണപ്പാക്കം തുടങ്ങി ടാസ്മാക്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ ഉൾപ്പെടെ 12 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
സർക്കാർ മദ്യ വിതരണ കമ്പനിയാണ് ടാസ്മാക്ക്. ഒരു തമിഴ് സിനിമാ നിർമ്മാതാവിന്റെ വസതിയിലും ഇ ഡി റെയ്ഡ് നടത്തിയതായി റിപ്പോർട്ടുണ്ട്. ഇതിന് മുൻപും കഴിഞ്ഞ മാർച്ചിൽ വൻ തോതിലുള്ള ക്രമക്കേടുകൾ ആരോപിച്ച് കൊണ്ട് സ്ഥലത്ത് ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അതിൽ 1000 കോടി രൂപയുടെ കണക്കിൽപ്പെടാത്ത തുക ഇഡി കണ്ടെത്തി.
റീട്ടെയിൽ കടകളിൽ നിന്നും ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും മുതിർന്ന ടാസ്മാക് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും 1988 ലെ അഴിമതി നിരോധന നിയമപ്രകാരം ഫയൽ ചെയ്ത നിരവധി എഫ്ഐആറുകളെ തുടർന്നാണ് ഇപ്പോൾ അന്വേഷണം നടത്തിയത്.