വായ്പയെടുത്ത് പണി തുടങ്ങിയ വീടിന്റെ കോൺക്രീറ്റിൽ ഉപ്പും മുടിയും വിതറി; അമ്മയും മകളും സങ്കടക്കടലിൽ
നെടുങ്കണ്ടം ∙ നിർമാണം പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ കോൺക്രീറ്റിൽ ഉപ്പും മുടിയും വിതറി. സങ്കടക്കടലിൽ വിധവകളായ അമ്മയും മകളും. അന്യാർതൊളു പൂത്തറക്കടവിൽ എരപ്പുപാറ പുത്തൻവീട്ടിൽ രാജമ്മ (78), മകൾ പ്രസന്നകുമാരി (45) എന്നിവരുടെ വീടിന്റെ കോൺക്രീറ്റിലാണു സാമൂഹികവിരുദ്ധർ ഉപ്പു വിതറിയത്.
പ്രസന്നകുമാരി പറയുന്നത് ഇങ്ങനെ: 12 വർഷം മുൻപ് ഭർത്താവ് മരിച്ചു. പശുവിനെ വളർത്തിയും കൂലിപ്പണിയെടുത്തുമാണ് ഉപജീവനം നടത്തിയിരുന്നത്. ഷീറ്റിട്ട വീട്ടിലാണ് ഇക്കഴിഞ്ഞ കാലംവരെ താമസിച്ചിരുന്നത്. പ്രദേശത്ത് ഒരു പാറമട പ്രവർത്തിച്ചിരുന്നു. അവിടെ സ്ഫോടനം നടക്കുമ്പോൾ വീടിനുള്ളിൽ പ്രകമ്പനം ഉണ്ടാകും. ഷീറ്റുകൾ തകരുകയും ചുമരിൽ വിള്ളൽ വീഴുകയും ചെയ്തു. കൂടാതെ പ്രദേശത്ത് ഒരു കുഴൽക്കിണർ കുഴിച്ചിരുന്നു. വെള്ളം ലഭിച്ചിട്ടും കിണർ നിർമാണം തുടർന്നു. ഇതിന്റെ പ്രകമ്പനത്തിൽ വീട് ഏതുനിമിഷവും തകരാവുന്ന നിലയെത്തി. തൊഴുത്ത് നിലംപൊത്തി. ഇതോടെ കമ്പംമെട്ട് പൊലീസിന്റെ സഹായം തേടി. പൊലീസ് കുഴൽക്കിണർ നിർമാണം തടഞ്ഞു. തുടർന്നാണ് 2 ലക്ഷം രൂപ വായ്പയെടുത്തു വീടുപണി തുടങ്ങിയത്.
ഇതിനു മാസം 8000 രൂപ പലിശ നൽകണം. 1.75 ലക്ഷം രൂപ ചെലവിട്ട് കോൺക്രീറ്റ് പൂർത്തിയാക്കി. ശനി ഉച്ചയ്ക്കു പണി പൂർത്തിയായി. രാത്രിയിലാണ് ആരോ ഉപ്പും മുടിയുമിട്ടത്. കോൺക്രീറ്റിന് ഉപയോഗിച്ച മണലിൽ ഉപ്പു കലർത്തിയതായും സംശയമുണ്ട്. മണലിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുടി കലർത്തിയാൽ കാലക്രമേണ ബലക്ഷയം സംഭവിക്കും.സമീപത്ത് മറ്റൊരു വീട് വാടകയ്ക്കെടുത്താണ് പ്രസന്നകുമാരിയും അമ്മയും താമസിക്കുന്നത്. ചോർന്നൊലിക്കുന്ന കെട്ടിടമാണിതും. സംഭവത്തെക്കുറിച്ച് കമ്പംമെട്ട് പൊലീസ് അന്വേഷണം തുടങ്ങി.
Image :പ്രസന്നകുമാരി താമസിക്കുന്ന വാടക വീട്.