കട്ടപ്പന ദർശനയുടെ നാടകം” സെനീബ് ” മെയ് 14ന് കട്ടപ്പന സി.എസ്.ഐ. ഗാർഡനിൽ


സ്വാതന്ത്യ സമരത്തെത്തുടർന്നുണ്ടായ ഇന്ത്യാ വിഭജനം ജനലക്ഷങ്ങളിലേൽപ്പിച്ച മുറിവുകളുടെ ആഴം പരിശോധിക്കുന്ന ദർശനയുടെ നാടകം
” സെനീബ് ” മെയ് 14 ന് കട്ടപ്പന സി.എസ്.ഐ. ഗാർഡനിൽ . ” പ്രേക്ഷകർക്ക് മുമ്പിലെത്തും. വിഭജനലഹളയിൽ എല്ലാം നഷ്ടപ്പെട്ട ജനത ഒരു കരയ്ക്കടിയുവാൻ ശ്രമിക്കുമ്പോൾ വന്നുപെടുന്ന നിയമക്കുരുക്കുകൾ ചിത്രീകരിക്കുന്ന നാടകം
ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്ചയുടെ ആഴം പരിശോധിക്കുന്നു.
എല്ലാ അതിരുകൾക്കുമപ്പുറമാണ് മാനവികത എന്നും അത് നഷ്ടപ്പെട്ടാൽ ജീവിതം എക്കാലവും
തറവറയിലേതുപോലെയാകുമെന്നും നാടകം വിഭജനത്തിൻ്റെ കെടുതികൾ അനുഭവിച്ച ഏതാനും മനുഷ്യരിലൂടെ കാട്ടിത്തരുന്നു. “ജിന്നയെപ്പോലെ രണ്ടോ മൂന്നോ നേതാക്കളുടെയും ഭിന്നിപ്പിക്കാൻ നിന്ന ബ്രിട്ടീഷുകാരുടെയും മാത്രം ആഗ്രഹമായിരുന്നു ഇന്ത്യയെ പങ്കിടലും പുതിയ രാജ്യവും . അങ്ങിനെ രാജ്യം വിഭജിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ച ലക്ഷക്കണക്കിനാൾ ക്കാരെ അങ്ങോട്ടുമിങ്ങോട്ടും ഒടിച്ചു. വിട്ടുപോയവർക്ക് ഡൽഹി ഹറാമായപ്പോൾ നമുക്ക് ലാഹോർ നരകമായി. അതിനിയും തുടരണോ?” –
നാടകമുയർത്തുന്ന ചോദ്യം വർത്തമാനകാലത്തിൽ ഏറെ പ്രസക്തി നേടുന്നു.സംഗീത നാടക അക്കാഡമി നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സെനീബ് വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കുടിയേറ്റത്തിൻ്റെ ചരിത്രം പറയുന്ന തോറ്റവരുടെ യുദ്ധങ്ങൾക്കുശേഷം ദർശന അണിയിച്ചൊരുക്കുന്ന നാടകത്തിൻ്റെ രചന ഇ.ജെ.ജോസഫും സംവിധാനം മനോജ് നാരായണനുമാണ്. സംഗീതം സത്യജിതും ലൈറ്റ് ഡിസൈൻ രഞ്ജിത് ഡിങ്കിയും നിർവ്വഹിക്കുന്നു.
ചിലമ്പൻ, എം.സി.ബോബൻ, മുരളിധരൻ, സ്റ്റാലിൻ, സൂര്യലാൽ, ജെയ്സൺ, ജോസി കട്ടപ്പന, ഡെന്നി, രവികുമാർ, സുരേഷ്, രേഷ്മ, ആഷ്ലി, രുഗ്മ സാന്ദ്രു, ജെന്നിഫർ
എന്നിവർ വേഷമിടുന്നു.
ഷാജി ചിത്ര, മനു, ബോബിൻ, ഷൈജു എന്നിവർ രംഗമൊരുക്കുന്നു.