കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് കുട്ടി മരിച്ച സംഭവം; 4 ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് വനംവകുപ്പ്


പത്തനംതിട്ട കോന്നി ആനക്കൂട് അപകടത്തെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി വനംവകുപ്പ് പിൻവലിച്ചു. നടപടിയെടുത്ത് പതിമൂന്നാം ദിവസം ഉദ്യോഗസ്ഥരെ തിരികെ സർവീസിൽ പ്രവേശിപ്പിച്ചു. നാലു വയസ്സുകാരന്റെ മരണത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നായിരുന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ നടപടിയെടുത്തത്.
മനുഷ്യ – വന്യജീവി സംഘർഷം കൂടിവരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ കുറവ് പരിഗണിച്ച് സസ്പെൻഷൻ പിൻവലിക്കേണ്ടി വന്നതെന്ന് വനം വകുപ്പ് അറിയിച്ചു. DFO, RFO തലത്തിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും നടപ്പാക്കിയിട്ടില്ല.
കോന്നി ആനക്കൂട് സന്ദർശിക്കാനെത്തിയെ അടൂർ കടമ്പനാട് സ്വദേശി അഭിരാമിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെ നാല് വയസുകാരന്‍റെ ദേഹത്തേക്ക് കോൺക്രീറ്റ് തൂൺ ഇളകി വീവീഴുകയായിരുന്നു. തലയിലേക്കാണ് കോണ്‍ക്രീറ്റ് തൂണ്‍ വീണത്. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.