‘ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം’; അഭ്യർത്ഥിച്ച് യുക്രൈൻ


ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം. നയതന്ത്ര ചർച്ചകൾ തുടരാൻ യുക്രൈൻ അഭ്യർത്ഥിക്കുന്നതായും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷാ സ്ഥിതി കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കുകയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും പ്രസ്താവനയിലുണ്ട്.
ഇതിനിടെ സംഘർഷം അവസാനിപ്പിക്കാൻ എന്ത് സഹായവും ചെയ്യാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ താൻ അവിടെ ഉണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചു.
ഇന്ത്യയും പാകിസ്താനും സമാധാനത്തിന് പ്രഥമപരിഗണന നല്‍കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് ഇസ്രയേല്‍ അംബാസഡര്‍ റുവെന്‍ അസര്‍ പ്രതികരിച്ചു. ഇരുരാജ്യങ്ങളും സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് റഷ്യയും, യുകെയും അഭ്യര്‍ത്ഥിച്ചു പാകിസ്താനെ പിന്തുണയ്ക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കി.
തിരിച്ചടിക്ക് പിന്നാലെ റഷ്യ, യു.കെ, സൗദി അറേബ്യ പ്രതിനിധികളുമായും ഇന്ത്യ ആശയ വിനിമയം നടത്തി. ഇന്ത്യയും പാകിസ്താനും നടത്തുന്ന സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെന്നും , ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു.