മൂന്നാറിനായി സമ്പൂർണ്ണ ശുചിത്വ പദ്ധതി നടപ്പിലാക്കും : മന്ത്രി എം. ബി രാജേഷ്


സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന മൂന്നാറിൽ സമ്പൂർണ്ണ ശുചിത്വ പദ്ധതി അടിയന്തരമായി സർക്കാർ നടപ്പിലാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. പള്ളിവാസൽ ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി പോതമേട്ടിൽ നിർമ്മിച്ച ഫോർട്ട് മോഡലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിന് ഈടാക്കുന്ന പിഴ, മാലിന്യം വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി നൽകുന്നവർക്കുള്ള പാരിതോഷികം എന്നിവ വർദ്ധിപ്പിക്കുന്നത് സർക്കാരിൻ്റെ ആലോചനയിലുണ്ടെ ന്നും മന്ത്രി പറഞ്ഞു. പോതമേട് വ്യൂ പോയിന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഇ. കെ ഷാജി, പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.