സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം; ഇനി ആവര്‍ത്തിക്കരുതെന്ന് താക്കീത്


സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചത്. സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും കോടതി പറഞ്ഞു. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് സന്തോഷ് വര്‍ക്കിക്ക് കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്ന് കോടതി താക്കീത് നല്‍കി.
നടിമാരായ ഉഷാ ഹസീന, കുക്കു പരമേശ്വരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി സമര്‍പ്പിച്ചിരുന്നത്. നിരന്തരം സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്ക് എതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണന്ന് ചൂണ്ടിക്കാട്ടി നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു.
അമ്മ സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിര്‍വധി നടിമാര്‍ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത പൊലീസ് സന്തോഷ് വര്‍ക്കിയെ പിടികൂടിയത്. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു.