ഇന്ത്യയിൽ 2 ശതമാനം ജനങ്ങളേ തിയറ്ററിൽ വന്ന് സിനിമ കാണുന്നുള്ളൂ ; ആമിർ ഖാൻ


ഇന്ത്യയുടെ ആകെ ജനസംഖ്യയിൽ ആകെ 2 ശതമാനം മാത്രമാണ് തിയറ്ററുകളിൽ വന്ന് സിനിമ കാണുന്നതെന്ന് ആമിർ ഖാൻ. 130 കോടിയിൽ ആകെ 2 കോടി ജനങ്ങളേ സിനിമ തിയറ്ററിൽ കാണുന്നുള്ളുവെന്നത് ഞെട്ടിക്കുന്നത്ര കുറവാണ്. അതും ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ് ആയ സിനിമയ്ക്ക് ലഭിച്ച ഫുട്ട്ഫോൾസ് മാത്രമാണ് 2 കൊടിയെന്നും അവയുടെ പകുതിയുടെ പകുതി പോലും സാധാരണ ചിത്രങ്ങൾക്ക് ലഭിക്കാറില്ലെന്നും ആമിർ ഖാൻ ‘സ്‌ക്രീൻ’ നടത്തിയ വേവ്സ് സമ്മിറ്റിന്റെ പ്രത്യേക ചർച്ചയിൽ പറഞ്ഞു.
“വളരെയധികം സിനിമയെ സ്നേഹിക്കുന്നവരെന്ന് പരക്കെ അറിയപ്പെടുന്നവരാണ് ഇന്ത്യക്കാർ എന്നിട്ടും ഏറ്റവും വലിയ ഹിറ്റ് ഇത്ര ചെറിയ ആളുകളിലേക്കേ എത്തുന്നുള്ളു. ഇതിന് പ്രധാന കാരണം തിയറ്ററുകളുടെ എണ്ണക്കുറവാണ്. ഇന്ത്യയിലാകെ പതിനായിരത്തിനടുത്ത് തിയറ്ററുകളേയുള്ളൂ. അതിൽ 5000 എണ്ണം തെന്നിന്ത്യയിലാണ്, രാജ്യത്തിൻറെ മറ്റെല്ലാ ഭാഗങ്ങളിലെല്ലാം കൂടിയാണ് ബാക്കി 5000. ജനസംഖ്യയിൽ ഇന്ത്യയുമായി ചെറിയ വ്യത്യാസം മാത്രമുള്ള ചൈനയിൽ ഒരു ലക്ഷത്തോളം തിയറ്ററുകളുണ്ടെന്നോർക്കണം” ആമിർ ഖാൻ പറയുന്നു.
തിയറ്റർ റൺ അവസാനിക്കും മുൻപ് സിനിമകൾ ഒടിടിക്ക് വിൽക്കുന്ന പ്രവണത സിനിമാ വ്യവസായത്തെ എങ്ങനെ പിറകോട്ട് വലിക്കുന്നു എന്നതിനെക്കുറിച്ചും ആമിർ ഖാൻ വാചാലനായി. പണ്ടൊക്കെ 1 കൊല്ലം കഴിഞ്ഞായിരുന്നു സിനിമകൾ ടിവി ചാനലുകളിൽ വരുന്നത്. പിന്നെയത് 6 മാസമായി പിന്നെയത് കുറഞ്ഞു കുറഞ്ഞു വന്നു. നമ്മൾ ഒരു കാർ വിൽക്കുന്നുവെന്ന് വിചാരിക്കുക അത് പല രീതിയിൽ വിലപേശി വിൽക്കാൻ കിണഞ്ഞു ശ്രമിക്കുന്നു, എന്നാൽ ഒരു മാസം കഴിഞ്ഞു അതേ കാർ ആവശ്യക്കാരുടെ വീട്ടിൽ സൗജന്യമായി കൊണ്ടുപോയി കൊടുത്താലുള്ള സ്ഥിതി ഓർത്തു നോക്കൂ, ഇതാണ് ഇപ്പോഴത്തെ അവസ്ഥ, സ്വന്തം വ്യവസായത്തെ നശിപ്പിക്കാൻ മുൻകൈയെടുത്ത ശേഷം വിലപിച്ചിട്ടെന്ത് കാര്യമെന്നും അദ്ദേഹം ചോദിക്കുന്നു.
2022ൽ റിലീസ് ചെയ്ത ലാൽ സിങ് ഛദ്ദയെന്ന ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് 3 വര്ഷം നീണ്ട ഇടവേളയെടുത്തിരിക്കുകയായിരുന്നു ആമിർ ഖാൻ. ആമിർ ഖാൻ താനെ സംവിധാനം ചെയ്ത് 2007ൽ റിലീസ് ചെയ്ത ‘താരേ സമീൻ പർ’ എന്ന ചിത്രത്തിന്റെ സ്പിൻഓഫ് ആയ സിതാരെ സമീൻ പർ ആണ് ആമി ഖാന്റേതായി അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം.