വൈദ്യുതി ഉത്പാദനം കണ്ടറിയാൻ കെ.എസ്.ഇ.ബി സ്റ്റാൾ


ഊർജ സംരക്ഷണത്തിൻ്റെയും സുരക്ഷയുടെയും പ്രാധാന്യം വിളിച്ചോതി എൻ്റെ കേരളം പ്രദർശന- വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാൾ. ഇടുക്കി ഡാമിൻ്റെയും, മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിൻ്റെയും ചെറുമാതൃക ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ഉത്പാദനത്തിൻ്റെ പ്രക്രിയ കണ്ടറിയുന്നതിനൊപ്പം സന്ദർശകർക്ക് കെ.എസ്. ഇ.ബി അധികൃതർ വിശദീകരിച്ചും നൽകുന്നു. ഇടുക്കി ഡാമിലൂടെയുള്ള യാത്രാനുഭവവും ഇവിടെ
സന്ദർശകർക്ക് ആസ്വദിക്കാനാകും. 360° വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്.
ഒറ്റ ഫോൺ കോളിൽ ലഭ്യമാകുന്ന വാതിൽപ്പടി സേവനത്തിൻ്റെ വിശദാംശങ്ങളും ഇവിടെ നിന്ന് ലഭിക്കും. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫെയ്സ് / കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ / ലൈൻ മാറ്റി സ്ഥാപിക്കൽ, വൈദ്യുതി മുടക്കം / വോൾട്ടേജ് ക്ഷാമം തുടങ്ങി വിവിധ സേവനങ്ങൾക്കും പരാതികൾക്കും *1912* എന്ന നമ്പറിൽ പരിഹാരമാകും. കൂടാതെ വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽ പ്പെട്ടാൽ 9496010101 എന്ന നമ്പറിലും അറിയിക്കാം.
വൈദ്യുതി സുരക്ഷാ മുൻകരുതലുകൾ, കഴിഞ്ഞ 9 വർഷം ജില്ലയിൽ വൈദ്യുതി വകുപ്പ് നടപ്പാക്കിയ പദ്ധതികൾ സംബന്ധിച്ച ലഘുലേഖകളും സ്റ്റാളിൽ വിതരണം ചെയ്യുന്നുണ്ട്. സ്റ്റാൾ സന്ദർശിക്കുന്നവർക്ക് വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട ഓൺ ലൈൻ ക്വിസ് മത്സരവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന
എൻ്റെ കേരളം പ്രദർശന വിപണന മേള മെയ് 5 ന് സമാപിക്കും.