വിനോദ സഞ്ചാരത്തിൻ്റെ പുത്തൻ അനുഭവങ്ങളുമായി കേരള ടൂറിസം


ബീച്ചിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയാലോ? അതോ പച്ചപ്പുനിറഞ്ഞ ഗ്രാമ ഭംഗിയിൽ വേണോ പടമെടുപ്പ്… വരൂ, കേരളാ ടൂറിസത്തിൻ്റെ പവലിയനിലേക്ക്.
എൻ്റെ കേരളം പ്രദർശന വിപണമേളയിലെ ടൂറിസം വകുപ്പിന്റെ പവലിയനിലാണ് ഇതിനായി അവസരം ഒരുക്കിയിരിക്കുന്നത്.
ബീച്ചും ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൻ്റെ മാതൃകയും ടൂറിസം പവലിയനിൽ സജ്ജമാണ്. തിരമാലകൾ കാലിൽ തൊട്ടു തഴുകി പോകുന്ന അനുഭവം തരുന്നതാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്ന കടലോരത്തിൻ്റെ ചെറുപതിപ്പ്.
വിനോദസഞ്ചാരികൾക്ക് സുരക്ഷിതവും പ്രകൃതിയോട് ചേർന്നു നിൽക്കുന്ന യാത്രാനുഭവം പകരുന്നതുമായ കാരവാൻ-ക്യാമ്പർവാൻ ടൂറിസത്തെ അടുത്തറിയാനും ഇവിടെ അവസരമുണ്ട്.
ആധുനിക സൗകര്യങ്ങളോട് കൂടിയ സ്വകാര്യ വിശ്രമകേന്ദ്രം, ഹൗസ് കീപ്പിങ് സംവിധാനം, മുഴുവൻ സമയ വ്യക്തിഗത സേവനം എന്നിവ ഇതിന്റെ സവിശേഷതകളാണ്.
നാല് സോഫ, ടിവി, മെക്രോവേവ് അവൻ, ഇൻഡക്ഷൻ കുക്കർ, കബോർഡുകൾ, ജനറേറ്റർ, ഫ്രിഡ്ജ്, ഹീറ്റർ സംവിധാനത്തോടുകൂടിയ കുളിമുറി, കിടക്കാനുള്ള ബെർത്തുകൾ എന്നിവ കാരവനിലുണ്ട്.
യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും കാരവനിലെ വിനോദ സഞ്ചാരം.
വാഗമണിലെ സ്വകാര്യ സംരംഭകരുടെ ഉടമസ്ഥതയിലുള്ളതാണ് പ്രദർശന മേളയുടെ പ്രവേശന കവാടത്തിനു മുൻപിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്ന കാരവൻ.
ഗ്രാമീണ ടൂറിസത്തിൻ്റെ ഭംഗി വിളിച്ചോതുന്ന ഓലക്കുടിലും നെൽപ്പാടങ്ങളും
വെള്ളം വറ്റിക്കുന്നതിനായുള്ള കർഷികോപകരണമായ ജലചക്രം എന്നിവയുടെ മാതൃക സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
ഇടുക്കി ജില്ലയുടെ ടൂറിസ്റ്റ് മാപ്പും വിവിധ ടൂറിസം സേവനങ്ങളെക്കുറിച്ചും ഇവിടെ നിന്ന് അറിയാൻ സാധിക്കും.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളും താമസ സൗകര്യവും വിനോദ സഞ്ചാര ആകർഷണങ്ങളും ഇനി ഒറ്റ ക്ലിക്കിൽ കാണാം. അതിനായി ചാറ്റ് ജി.പി.റ്റിയുടെ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ. എച്ച് എസ് എസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന
എൻ്റെ കേരളം പ്രദർശന വിപണന മേള മെയ് 5 ന് സമാപിക്കും.