പഹൽഗാം ആക്രമണം; സംശയനിഴലിലുള്ള ടിആർഎഫിനെ പരസ്യമായി ന്യായീകരിച്ച് പാക് വിദേശകാര്യമന്ത്രി


പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള ടിആർഎഫിനെ പരസ്യമായി ന്യായീകരിച്ച് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധർ. യുഎൻ പ്രമേയത്തിൽ നിന്ന് ടിആർഎഫിന്റെ പേര് വെട്ടിയത് പാകിസ്താൻ ഇടപെട്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്ഥാന്റേയും നാവിക സേനകൾ മുഖാമുഖം. ഇരു സേനകളും അടുത്തെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു.
ഇരു സേനകൾ അടുത്തെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ നാവികസേനയുടെ നേവൽ ഫയറിംഗ്. പാക് നാവിക സേനയും ആഭ്യാസങ്ങൾ നടത്തി.
അതേസമയം നിയന്ത്രണ രേഖയിൽ വീണ്ടും പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുകൾ. കുപ്വാര, ഉറി, അഖ്നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയായാണ് ആക്രമണം നടന്നത്. ഇന്ത്യ അതീവ ജാഗ്രതയിലാണ്, പാക് വെടിവെപ്പിന് തക്കതായ മറുപടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നടപടി ഇന്ത്യ കടുപ്പിക്കുകയാണ്. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്.