80 ദിവസമായി തുടരുന്ന സമരം; അടുത്ത ഘട്ട സമരത്തിനുള്ള തയ്യാറെടുപ്പിൽ ആശാവർക്കേഴ്സ്


ലോക തൊഴിലാളി ദിനത്തിലും സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരുകയാണ് ആശാവർക്കേഴ്സ്. കഴിഞ്ഞ 80 ദിവസമായി തുടരുന്ന സമരത്തോട്, സർക്കാർ ഇന്നീ ദിവസം വരെ അനുഭാവപൂർവ്വം പ്രതികരിച്ചിട്ടില്ല. അടുത്ത ഘട്ട സമരത്തിനുള്ള തയ്യാറെടുപ്പിലാണ് ആശാവർക്കേഴ്സ്.
ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ചതാണ് സമരം സമരം. എന്നാൽ തുടക്കത്തിൽ സർക്കാർ അത്രയേറെ ഗൗരവത്തിൽ സമരത്തെ കണ്ടില്ല. മാത്രമല്ല സമര രീതികളോട് ഉണ്ടായിരുന്നത് കടുത്ത അവഗണനയായിരുന്നു. മാസങ്ങൾ കടന്ന് 80 ആം ദിവസത്തിലും ആശാവർക്കേഴ്സ് സമരം ഇരിക്കുകയാണ്. സമരമുറകൾ പലത് പരീക്ഷിച്ചു.
തൊഴിലാളി നയങ്ങൾ പലയാവർത്തി പറഞ്ഞ് അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാരാണ് സമരത്തോടുള്ള അവഗണന തുടരുന്നത്. എന്നാൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് മുന്നിൽ ഈ സ്ത്രീകൾക്ക് വീണ്ടും വീണ്ടും കണ്ണുനീര് പൊഴിക്കേണ്ടി വരുന്നു. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ നൽകുക,വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ പരിഗണിക്കണം എന്നതാണ് ആശ വർക്കർമാരുടെ ആവശ്യം. സർക്കാർ പലതവണ ചർച്ചക്ക് വിളിച്ചു, പക്ഷേ പ്രശ്ന പരിഹാരമായില്ലെന്ന് മാത്രമല്ല, സർക്കാർ അതിനെക്കുറിച്ച് ലോചിക്കുന്നുപോലുമില്ല.