ചീഫ് സെക്രട്ടറി ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് വിരമിക്കും; പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കാന്‍ എ ജയതിലക്


സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് വിരമിക്കും. ശാരദ മുരളീധരന്‍ വിരമിക്കുമ്പോള്‍ എ.ജയതിലക് പകരം ചീഫ് സെക്രട്ടറിയാകും. കെഎസ്ഇബി ചെയര്‍മാനും എം.ഡിയുമായ ബിജു പ്രഭാകര്‍, അഗ്‌നിരക്ഷാ സേനാ മേധാവിയും ഡിജിപിയുമായ കെ.പത്മകുമാര്‍ എന്നിവരാണ് വിരമിക്കുന്നവരില്‍ പ്രമുഖര്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയനും ഇന്ന് സര്‍വീസില്‍ നിന്നും പടിയിറങ്ങും.
ഭര്‍ത്താവും ചീഫ് സെക്രട്ടറിയുമായിരുന്നു ഡോ.വി.വേണു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിരമിച്ച ഒഴിവിലാണ് ശാരദാ മുരളീധരന്‍ ചീഫ് സെക്രട്ടറിയായത്. ചീഫ് സെക്രട്ടറി പദത്തിലെത്തുന്ന അഞ്ചാമത്തെ വനിതയാണ് ശാരദ മുരളീധരന്‍. കുടംബശ്രീ മിഷനെ ജനകീയമാക്കിയ ഉദ്യോഗസ്ഥയാണിവര്‍. ശാരദ മുരളീധരന്‍ ഒഴിയുമ്പോള്‍ എ.ജയതിലക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാകും.
36 വര്‍ഷം നീണ്ട ദീര്‍ഘമായ പൊലീസ് ജീവിതത്തില്‍ നിന്ന് ഡിജിപി കെ പത്മകുമാറും വിരമിക്കുകയാണ്. തിരുവനന്തപുരം,എറണാകുളം റേഞ്ച് ഐജി,ദക്ഷിണ മേഖല എഡിജിപി,പൊലീസ് ആസ്ഥാനം എഡിജിപി തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചു.ഡിജിപിയായ ശേഷം ആദ്യം ജയില്‍ മേധാവിയും പിന്നീട് അഗ്‌നി രക്ഷാ വിഭാഗം മേധാവിയുമായി.2004 ബാച്ച് ഐപിഎസ് ഉദ്യാഗസ്ഥനായ ബിജു പ്രഭാകര്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തച്ചടി പ്രഭാകരന്റെ മകനാണ്.
പൊതുമരാമത്ത്,വ്യവസായം,ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ സെക്രട്ടറിയായി.വെള്ളാനയായ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പല പദ്ധതികള്‍ നടപ്പിലാക്കിയത് ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി സിഎംഡിയായ കാലത്താണ്. ഐ എം വിജയന് പോലീസ് സേനയില്‍ നിന്നും വിരമിക്കുന്നതിന്റെ തലേ ദിവസം സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡറായ വിജയന് ഡെപ്യുട്ടി കമാന്‍ഡറായാണ് സ്ഥാനകയറ്റം നല്‍കിയത്. ഫുട് ബോള്‍ മേഖലയില്‍ അതുല്യ നേട്ടങ്ങള്‍ കൈവരിച്ചു കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രതിച്ഛായ ഉയര്‍ത്തുന്നതിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു പ്രൊമോഷന്‍. മുഖ്യ വനം മേധാവിയായ ഗംഗാ സിങ്ങും ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കും.