വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തേക്കില്ല


വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്തേക്കില്ല. പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തത് വിവാദമായപ്പോള്‍ മാത്രമാണ് ക്ഷണക്കത്ത് നല്‍കിയത് എന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. ചടങ്ങില്‍ പങ്കെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ പട്ടികയില്‍ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നില്ല.
കോണ്‍ഗ്രസ് നേതാക്കളുടെ വലിയ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ക്ഷണക്കത്തെത്തി. മന്ത്രി വി എന്‍ വാസവന്റെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്ത് എത്തിയത്. കത്തില്‍ ഉണ്ടായിരുന്നത് തിങ്കളാഴ്ചത്തെ ഡേറ്റായിരുന്നു. പ്രതിപക്ഷ നേതാവിനെ മാറ്റി നിര്‍ത്തിയിട്ടില്ല എന്ന മന്ത്രി വി എന്‍ വാസവന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെ ആയിരുന്നു ക്ഷണക്കത്ത് ഓഫീസിലേക്ക് എത്തിയത്.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സമര്‍പ്പിച്ച ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടികയില്‍ ആയിരുന്നു പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമാണ് ചടങ്ങ് എന്നായിരുന്നു അനൗദ്യോഗിക വിശദീകരണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.ശശി തരൂര്‍ എം.പി, എം വിന്‍സെന്റ് എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.