പഹല്‍ഗാം ആക്രമണം: നിഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കാമെന്ന് പാകിസ്താന്‍


പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കാമെന്ന് പാക്കിസ്താന്‍. ആക്രമണത്തില്‍ പങ്കില്ലെന്നും അന്വേഷത്തിന് സമ്മതമാണെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. അതേസമയം പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ബൂട്ടോ ഇന്ത്യയ്‌ക്കെതിരെ യുദ്ധഭീഷണി മുഴക്കി. സിന്ധുനദിയിലെ വെള്ളം തടഞ്ഞാല്‍ ചോരപ്പുഴ ഒഴുക്കുമെന്നാണ് ഭീഷണി പ്രസംഗം.
പഹല്‍ഗാം ആക്രമണം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ച കൊണ്ട് ഉണ്ടായതാണെന്നും പാക്കിസ്ഥാന് പങ്കില്ലെന്നും ആവര്‍ത്തിക്കുകയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സുതാര്യവും നിഷ്പക്ഷവുമായി അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ആര്‍മി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അന്താരാഷ്ട്ര നിരീക്ഷണത്തിലുള്ള അന്വേഷണം നടക്കട്ടെയെന്ന് പാക് പ്രതിരോധമന്ത്രിയും പറഞ്ഞിരുന്നു. നയതന്ത്ര യുദ്ധത്തില്‍ മുടന്തുമ്പോഴും ലോക രാജ്യങ്ങള്‍ ഒറ്റപ്പെടുത്തുമ്പോഴും പാക്കിസ്ഥാന്‍ നേതാക്കള്‍ പ്രകോപനം നിര്‍ത്തുന്നില്ല. സിന്ധു നദീ ജലം തടയാനുള്ള ഇന്ത്യന്‍ തീരുമാനത്തിനെതിരെ യുദ്ധം നടത്തുമെന്നാണ് ബിലാവല്‍ ബൂട്ടോ ഭീഷണി മുഴക്കുന്നത്. സിന്ധു നദീ ജലം പാക്കിസ്ഥാന്റേത് ആണെന്നും വെള്ളം തടഞ്ഞാല്‍ പകരം ചോരപ്പുഴ ഒഴുക്കുമെന്നുമാണ് ഭീഷണി.
യുദ്ധമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫും വെല്ലുവിളിച്ചു. ലണ്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന് മുന്നില്‍ പാക് സൈനിക ഉദ്യോഗസ്ഥന്‍ ഇന്ത്യക്കാര്‍ക്കെതിരെ ഭീഷണി ആഗ്യം കാണിച്ചത്.പാക്കിസ്ഥാനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് ആഗ്യം. ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ കേണല്‍ തൈമുര്‍ റാഹത്താണ് ആംഗ്യം കാണിച്ചത്.