മാസപ്പടി കേസിൽ പിണറായി വിജയനേയും മകളേയും സിപിഐഎം ന്യായീകരിക്കുന്നു: മാത്യൂ കുഴൽനാടൻ എംഎൽഎ


മാസപ്പടി കേസിൽ തെളിവുകൾ അടക്കം പുറത്തുവന്നിട്ടും നിലപാടിൽ മാറ്റം വരുത്താതെ പിണറായി വിജയനേയും മകളെയും സിപിഐഎം ന്യായീകരിക്കുകയാണെന്ന് മാത്യൂ കുഴൽനാടൻ എംഎൽഎ. രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാട് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിനെ വിശേഷിപ്പിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം അക്കൗണ്ടിൽ വാങ്ങിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചു. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപിറ്റൽ ഇന്ത്യയിൽ നിന്നും വാങ്ങിയ പണം തിരിച്ചടച്ചിട്ടില്ലെന്നും ഇത് കൃത്രിമമായി തിരിച്ചെടുത്തു എന്നാണ് എസ്എഫ്ഐഒ ചാർജ് ഷീറ്റിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ വിഷയത്തിൽ വീണ പ്രതികരിച്ചിട്ടില്ലെന്നും ഏത് കോളത്തിൽപ്പെടുത്തി ഈ കോടികളെ ന്യായീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. വായ്പാത്തുക വക മാറ്റി മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി ക്രമക്കേട് കാട്ടിയെന്ന് റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് വീണ വായ്പയായി 50 ലക്ഷം രൂപ വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് തിരിച്ചടച്ചത് സിഎംആർഎലിൽ നിന്ന്പ്രതിമാസം കിട്ടിയ പണം ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.