മനുഷ്യാവകാശ കമ്മീഷന്റെ കർശന ഇടപെടൽ : പന്നിമറ്റം മേത്തൊട്ടി മൂലിക്കാട് റോഡിന്റെ ടാറിംഗ് പൂർത്തിയാക്കും


ഇടുക്കി: പകുതി വഴിയിൽ ടാറിംഗ് നിന്നുപോയ പന്നിമറ്റം പൂമറ്റം മേത്തൊട്ടി മൂലിക്കാട് റോഡിന്റെ ടാറിംഗ് പൂർത്തിയാക്കാൻ വഴിയൊരുങ്ങുന്നു. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രോഗ്രാം ഇംപ്ലിമെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിളിച്ചു വരുത്തി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർത്തിപ്പോയ ടാറിംഗ് പുനരാരംഭിക്കുന്നത്. 2018 ലാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 900 മീറ്ററാണ് ടാർ ചെയ്യാൻ അവശേഷിക്കുന്നതെന്നാണ് പരാതി.അവശേഷിക്കുന്ന ഭാഗത്തിന്റെ ടാറിംഗ് കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. റോഡിന്റെ അവശേഷിക്കുന്ന 900 മീറ്റർ ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 285 മീറ്റർ റോഡ് മാത്രമാണ് ടാർ ചെയ്യാനുള്ളതെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രോഗ്രാം ഇംപ്ലിമെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമായതിനാൽ സാങ്കേതികമായും പ്രായോഗികമായും സാമ്പത്തികമായും ടാറിംഗ് നടത്താൻ ബുദ്ധിമുട്ടുണ്ട്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരമാണ് ടാറിംഗ് പൂർത്തിയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പി.എം.ജി.എസ്.വൈ. പദ്ധതിയിലെ പുതുക്കിയ ചട്ടപ്രകാരം അവശേഷിക്കുന്ന ഭാഗത്തിന്റെ ടാറിംഗ് നടത്താവുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പി.എം.ജി.എസ്.വൈ. സ്കീം നിലവിൽ ആരംഭഘട്ടത്തിലാണ്. ബാക്കിയുള്ള ഭാഗത്തിന്റെ ടാറിംഗ് സംബന്ധിച്ച പദ്ധതി രൂപരേഖ ഗ്രാമ സഡക് സർവ്വേ ആപ് പ്രകാരം സമർപ്പിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇതിനുള്ള അനുമതിയും കേന്ദ്ര വനം വകുപ്പിന്റെ നിരാക്ഷേപ പത്രവും ലഭിക്കുകയാണെങ്കിൽ അപാകത പരിഹരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വനംവകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോർട്ടൽ മുഖേന കേന്ദ്രസർക്കാരിന് അപേക്ഷ നൽകുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എത്രയും വേഗം കേന്ദ്ര സർക്കാരിൽ നിന്നും അനുമതി ലഭ്യമാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.