പെഹൽഗാമിലെ ആ ദിനം ഞെട്ടലോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല


ഇപ്പോഴും വിറയലും പേടിയും മാറിയിട്ടില്ല.ബൈസരൻ വാലി വളരെ മനോഹരമായ പ്രദേശമാണ്… പ്രകൃതി ഭംഗി കണ്ണിനു കുളിർമയേകുന്ന താഴ് വാരം… യാത്ര വല്ലാത്ത ഒരു അനുഭവമാണ്… കുതിരയിൽ കയറി ദുർഘടമായ പാതയിലൂടെയുള്ള യാത്ര..വളരെ സന്തോഷത്തോടെ ബയ്‌സരൻ വാലിയിൽ എത്തിയത്… അവിടെ നിന്ന് ഫോട്ടോകൾ എടുക്കുകയും പ്രകൃതി ഭംഗി ആസ്വദിക്കുകയും ചെയ്യുമ്പോൾ കുതിര സവാരി ചെയ്ത ഭയ്യ തിരക്കു പിടിക്കുന്നുണ്ട് നമ്മുക്ക് അടുത്ത സ്ഥലം കാണേണ്ടതാണ് പോകാം എന്ന്… അവിടുത്തെ ഡ്രസ്സ് ഒക്കെ ഇട്ട് ഫോട്ടോ ഇടാൻ വിചാരിച്ച ഞങ്ങൾ അപ്രതീക്ഷിതമായി പോകാമെന്നുള്ള തീരുമാനത്തിൽ എത്തി… പുറത്തിറങ്ങി കുതിരയിൽ കയറി ഒരു നൂറു മീറ്റർ പോലും ആയിട്ടില്ല…മുഴുവൻ തിരക്കുകൾ അനുഭവപ്പെടുന്നു.. “പെട്ടെന്ന് പോകൂ “എന്ന ശബ്ദം കേൾക്കുന്നു..കുതിരകൾ പരസ്പരം ഇടിക്കുന്നു.. എന്താണ് സംഭവിക്കുന്നതെന്നു മനസിലാക്കാൻ പോലും കഴിയാത്ത അവസ്ഥ… “എൻകൌണ്ടർ ആണ് പെട്ടെന്നു പോകൂ” എന്ന് കുതിരക്കാർ പരസ്പരം പറയുന്നു… അപ്പോഴും ഒന്നും തന്നെ മനസ്സിലാകുന്നില്ല… കാര്യമായി പ്രശ്നമുണ്ട് മരിക്കാൻ പോകുന്നു എന്ന ഒരു തോന്നൽ മനസ്സിലേക്ക് വന്നു തുടങ്ങി… അതിലേക്ക് മനസ്സിനെ പഠിപ്പിച്ചു… കുതിര പുറത്തുനിന്നും റോഡിൽ എത്തിയപ്പോൾ കുതിരക്കാർ ആണ് കാറിലേക്ക് പെട്ടെന്നു എത്തിക്കാൻ നോക്കുന്നത്… അവിടെ റോഡിൽ നിന്ന് എന്താ പ്രശ്നം എന്നൊക്കെ ചോദിച്ചു കുറച്ച് നേരം നിൽക്കുമ്പോൾ ഒരു കുതിരക്കാരൻ വന്നു വേഗം നിങ്ങൾ വണ്ടിയിലേക്ക് കയറിക്കോളൂ എന്ന് പറയുന്നുണ്ട്… പക്ഷെ അപ്പോഴും വഴിയിൽ വച്ചു പേടിച്ച പോലെ ഒന്നുമില്ല എന്ന് തോന്നി.. പ്രധാന കാരണം.. ഒഫീഷ്യൽ വാഹനങ്ങൾ വളരെ പതുക്കെ ക്ഷമയോടെ പോകുന്നതാണ് കാണുന്നത്…. അവിടെ നിന്നും തിരിച്ച് ശ്രീനഗർ വരുന്ന വഴിയാണ് ന്യൂസ് കാണുന്നത്.. അപ്പോളാണ് സഞ്ചാരികൾക്ക് നേരെയാണ് ആക്രമണം എന്ന് മനസ്സിലാകുന്നത്… ആംബുലൻസ് പോകുന്നുണ്ട്… ഒഫീഷ്യൽ വാഹനങ്ങൾ പോകുന്നുണ്ട്…
കശ്മീർ എത്തിയിട്ട് ഏകദേശം 5 ദിവസമായി… ഓരോ ചെറിയ വഴികളിലും സെക്യൂരിറ്റിക്കായി ഒഫീഷ്യൽസിനെ കാണുന്നുണ്ട് പക്ഷെ ഇത്രയും ആളുകൾ വരുന്ന ദുർഘടമായ പാതയുള്ള വളരെ എളുപ്പത്തിൽ ആക്രമിക്കാൻ സാധിക്കുന്ന സ്ഥലത്ത് എന്ത് കൊണ്ടാണ് പേരിനു പോലും ഒരു സെക്യൂരിറ്റി ഇല്ലാത്തത് എന്നത് മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്…
ഇതിന്റെ കൂടെ തന്നെ
കശ്മീരിലെ മനുഷ്യമാരെ പറ്റി പറയാതെ വയ്യ… ഞങ്ങളുടെ കൂടെയുള്ള ഒന്നര വയസുള്ള കുഞ്ഞിന് വലിയ ഗ്ലാസ്സ് പാല് തന്നിട്ട് പണം കൊടുത്തപ്പോൾ “കുട്ടിക്ക് വാങ്ങിയതല്ലേ പണം വേണ്ട ” എന്നു പറഞ്ഞു നിർബന്ധിച്ചിട്ടും പണം വാങ്ങാത്ത ആ കടയിലെ മനുഷ്യൻ…സ്നേഹത്തോടെ ഭക്ഷണം വച്ചുണ്ടാക്കി തന്ന മനുഷ്യന്മാർ… ഞങ്ങളെ ഓരോ സ്ഥലവും വളരെ കാര്യമായിട്ട് കാണിച്ചു തന്ന ഭയ്യ… നിറഞ്ഞ പുഞ്ചിരിയോടെ ഓരോ സ്ഥലത്തും ഞങ്ങളെ സ്വാഗതം ചെയ്ത ഓരോ മനുഷ്യന്മാർ….
മനസിലേക്ക് വരുന്ന പേടിപ്പെടുത്തുന്ന അവസ്ഥ എന്താണെന്നു വച്ചാൽ സാധാരണ മനുഷ്യന്മാർക്ക് എത്രത്തോളം സുരക്ഷിതത്വം ഉണ്ടെന്നുള്ളതാണ് ഇത് വളരെ ഗൗരവത്തിൽ ചർച്ച ചെയ്യപെടേണ്ട ഒരു വിഷയം ആണ്..
എന്റെ ഈ ഫോട്ടോ ദുരന്തത്തിന്റെ ഏതാനും നിമിഷങ്ങൾക്ക് മുൻപ് എടുത്തതാണ്.. ഇതിന്റെ പുറകിൽ ഉള്ള എത്ര ആളുകൾ ആണ് ജീവനോടെ ഉള്ളത് എന്നറിയില്ല... ചിരിച്ചു കാണിച്ചതും കണ്ടതും മിണ്ടിയതുമായ ആളുകളിൽ പലരും ജീവനോടെ ഇല്ല എന്ന യാഥാർഥ്യം ഉൾകൊള്ളാൻ ഇത് വരെ സാധിച്ചിട്ടില്ല... ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുകയും അറിയാതെ കരച്ചിൽ വന്നു പോകുകയും ചെയ്യുന്ന അവസ്ഥയാണ്....
കുറച്ചു നിമിഷങ്ങളുടെ വിത്യാസത്തിൽ മരണത്തിൽ നിന്നും രക്ഷപെട്ടെങ്കിലും മാനസികമായി ഇപ്പോഴും ആ ഷോക്കിലാണ്... ഞങ്ങളോടൊപ്പം സഹയാത്ര ചെയ്ത സഹോദരങ്ങളെ.. നിങ്ങളുടെ വേർപാട് ഹൃദയം കീറി മുറിക്കുന്നുണ്ട്.... അശാന്തിയുടെ വിത്ത് പാകിയ നീചന്മാരെ നിങ്ങളുടെ അജണ്ട എന്ത് തന്നെയാണെങ്കിലും കാലം നിങ്ങളോട് ചോദിക്കും....ചോദിക്കുക തന്നെ ചെയ്യും.....