പഹല്‍ഗാം ഭീകരാക്രമണം; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനുള്ള അറിയിപ്പ് കൈമാറി


പഹല്‍ഗ്രാം കൂട്ടക്കൊലയ്ക്ക് പിന്നാലെ പാകിസ്താനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പാകിസ്താന്റെ ഉന്നത നയതന്ത്രജ്ഞന്‍ സാദ് അഹമ്മദ് വാറൈച്ചിനെ വിളിച്ചുവരുത്തി. പേഴ്‌സണ നോണ്‍ ഗ്രാറ്റ നോട്ട് കൈമാറി. പാകിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്ന ഔദ്യോഗിക അറിയിപ്പാണ് ഇത്.
അതേസമയം, ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നൂറിലേറെ പേരെ ജമ്മുകശ്മീര്‍ പൊലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളില്‍ നിന്നും കുതിരസവാരിക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേരും. കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.
പഹല്‍ഗാമില്‍ തിരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു. കുല്‍ഗാമില്‍ ടിആര്‍എഫ് കമാന്‍ഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞു. അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ സുരക്ഷ അവലോകന യോഗവും ഇന്ന് ചേരും. പാകിസ്താനമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയത് അടക്കം കടുത്ത നയതന്ത്ര നടപടികള്‍ക്ക് പിന്നാലെ ഭീകരതക്കെതിരായ സൈനിക നടപടിയില്‍ തീരുമാനം ഉടന്‍ ഉണ്ടാകും.