കട്ടപ്പന പാറക്കടവിൽ കുടുംബ പ്രശ്നത്തെ തുടർന്ന് മകൻ അമ്മയെ കോടാലി ഉപയോഗിച്ച് ഗുരുതരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു


കട്ടപ്പന പാറക്കടവിൽ കുടുംബ പ്രശ്നത്തെ തുടർന്ന് മകൻ അമ്മയെ കോടാലി ഉപയോഗിച്ച് ഗുരുതരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. കുന്തളംപാറ കൊല്ലപ്പള്ളിയിൽ കമലമ്മയെയാണ് മകൻ പ്രസാദ് ക്രൂരമായി മർദ്ദിച്ചത്. തലക്കും കൈയ്യിക്കും കാലിനും ഗുരുതര പരിക്കേറ്റ കമലമ്മയെ വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മർദ്ദിച്ച മകൻ പ്രസാദിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു …….
ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. വർഷങ്ങളായി മകൻ പ്രസാദും അമ്മ കമലമ്മയും തമ്മിൽ കുടുംബപ്രശ്നം നിലനിൽക്കുന്നുണ്ട്. ഇതിൻറെ ഭാഗമായി കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. കമലമ്മയുടെ ഭർത്താവ് ദിവാകരൻ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. എന്നാൽ കമലമ്മ തന്റെ വീട്ടിൽ നിന്നും മാറാൻ തയ്യാറായില്ല. തുടർന്ന് കോടതിയുടെ നിർദ്ദേശാനുസരണം വീടിനു സമീപത്ത് ചെറിയ മുറി നിർമ്മിച്ച് ഇവിടെയാണ് കമലമ്മ താമസിച്ച് വന്നിരുന്നത്. കഴിഞ്ഞദിവസം കമലമ്മ പുറത്തേക്കു പോകുന്ന വഴിയിൽ മകനും മരുമകളും കോഴിക്കൂട് സ്ഥാപിച്ചു. ഇതോടെ കമലമ്മയുടെ യാത്രാ മാർഗ്ഗം തടസപ്പെട്ടു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്
ഇന്ന് രാവിലെ പ്രസാദും കമലമ്മയും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും, തുടർന്ന് കോടാലി ഉപയോഗിച്ച് പ്രസാദ് കമലമ്മയെ മർദ്ദിക്കുകയുമായിരുന്നു. കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. കാലിന് ഒടിവും സംഭവിച്ചിട്ടുണ്ട്. ആദ്യം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കട്ടപ്പന പോലീസ് പ്രസാദിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വർഷങ്ങളായി ഇവർ തമ്മിൽ കുടുംബപ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. നിരവധി പേരാണ് സംഭവം അറിഞ്ഞ ഉടനെ വീടിന് സമീപത്ത് തടിച്ചുകൂടിയത്. കമലമ്മയുടെ മകനായ പ്രസാദിനും ഭാര്യക്കും എതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളും പ്രതിഷേധങ്ങളുമാണ് നാട്ടുകാരും ഉയർത്തുന്നത്