പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി


പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ രാമചന്ദ്രന്റെ മകനോട് ശ്രീനഗറില്‍ എത്തേണ്ട എന്ന് അറിയിച്ചിട്ടുണ്ടെന്നും ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. മൃതദേഹവുമായി രാവിലെ 11.30ന് വിമാനം ശ്രീനഗറില്‍ നിന്ന് പുറപ്പെടും. 7.30 നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 8 മണിയോടെ പുറത്തിറക്കും. ജില്ല കലക്ടര്‍ മൃതദേഹം ഏറ്റുവാങ്ങും.
അതേസമയം, രാമചന്ദ്രനെ കണ്‍മുന്നില്‍ വെച്ച് ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ നടുക്കത്തില്‍ കുടുംബാംഗങ്ങള്‍. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്.രാമചന്ദ്രന്റെ ഭൗതിക ദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഹൈബി ഈഡന്‍ എംപി പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
എറണാകുളം സ്വദേശികളായ 28 പേര്‍ കാശ്മീരില്‍ കുടുങ്ങിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഭീകരാക്രമണം ഉണ്ടായ ശേഷം ശ്രീനഗറില്‍ കുടുങ്ങിയതായാണ് വിവരം. എറണാകുളം സ്വദേശികളാണ്. ഇവരെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടുവെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.