ഇടുക്കി ജില്ലയിലെ തേയിലത്തോട്ടങ്ങളിലും, ഏലത്തോട്ടങ്ങളിലും, വ്യാപാര സ്ഥാപനങ്ങളിലും, നിര്‍മ്മാണ മേഖലയിലും മറ്റുമായി നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്ത് വരുന്നു


എന്നാൽ തൊഴില്‍ തേടിയെത്തുന്നവരുടെ വിവരങ്ങള്‍ “Athidhi Portal” ല്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദ്ദേശമുണ്ടെങ്കിലും തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെയും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെയും പോലീസിലോ ബന്ധപ്പെട്ട വകുപ്പുകളിലോ അറിയിക്കാതെയും പല തൊഴിലുടമകളും ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിട്ടുളളതായി കാണുന്നു.
ഫെബ്രുവരി മാസത്തിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഈ വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതും, കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുള്ളതുമാണ്.
ജില്ലയിൽ കഴിഞ്ഞ കുറേ നാളുകളായി അതിഥി തൊഴിലാളികൾ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും ലഹരി ഉപയോഗിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും ലഹരി ഉത്പന്നങ്ങൾ കടത്തി കൊണ്ടുവന്ന് വിൽപന നടത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്. ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട് തൊഴിലുടമകളുടെയും, കരാറുകാരുടേയും, തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളുടെയും ഒരു അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും തൊഴിൽ ഉടമകൾ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ചു ബോധവൽക്കരണം നൽകണമെന്നും ജില്ലയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും, ജില്ലാ പോലീസ് മേധാവി ശ്രീ.വിഷ്ണു പ്രതീപ് ടി.കെ ഐ പി എസ് നിർദേശം നൽകിയിട്ടുള്ളതാണ്.
ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന തൊഴിലുടമകളും, ഇവരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളും, കരാറുകാരും താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
1. ഇതര സംസ്ഥാന തൊഴിലാളികളെ വീടുകളിലും തൊഴിലിടങ്ങളിലും താമസിപ്പിച്ച് ജോലി ചെയ്യിക്കുന്ന തൊഴിൽ ഉടമസ്ഥരും, കെട്ടിട ഉടമകളും അവരുടെ വിവരങ്ങൾ അടങ്ങിയ ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.
2. ആധാർ കാർഡിന്റെ പകര്‍പ്പ്, ഫോട്ടോ (ആറുമാസത്തിനുള്ളിൽ എടുത്തത് അല്ലെങ്കിൽ മൊബൈൽ ഫോണിൽ എടുത്തത് ) അഡ്രസ്സ്, ഫോൺ നമ്പർ അവരുടെ പോലീസ് സ്റ്റേഷൻ വിവരങ്ങൾ എന്നിവ വാങ്ങി സൂക്ഷിക്കേണ്ടതും, ആയതിന്റെ പകര്‍പ്പ് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ നല്‍കേണ്ടതുമാണ്.
3. തൊഴിലാളികളുടെ വിവരങ്ങള്‍ “Athidhi Portal” ല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള നിര്‍ദ്ദേശം തൊഴിലുടമകള്‍ക്ക് നല്‍കേണ്ടതാണ്.
4. എന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലെത്തിയത്, എന്നാണ് തിരികെ പോയത്, എവിടെയാണ് താമസിച്ചത് തുടങ്ങിയ വിവരങ്ങൾ എഴുതി സൂക്ഷിക്കേണ്ടതും അവർ തിരികെ പോയി കഴിഞ്ഞാലും ഒരു വർഷമെങ്കിലും രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടതുമാണ്. ഇപ്രകാരം ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിർത്തുന്നവരുടെ സുരക്ഷയ്ക്കും, കുറ്റ കൃത്യത്തിൽ ഏർപെട്ടു നാടുവിടുന്നവരെ കണ്ടെത്തുന്നതിനും സഹായകമാകും.
5. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലും/ഷെഡുകളിലും രാത്രികാലങ്ങളില്‍ ലഹരി ഉപയോഗവും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ടോയെന്ന് തൊഴിലുടമകള്‍ പരിശോധിക്കേണ്ടതും നിയമ ലംഘനങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കേണ്ടതുമാണ്.
6. ബാലവേല ശിക്ഷാര്‍ഹമാണ്. ബാലവേല ശ്രദ്ധയിൽപെട്ടാൽ ആയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെടുത്തേണ്ടതാണ്.
7. ഇതര സംസ്ഥാന തൊഴിലാളികൾ സംശയകരമായ സാഹചര്യത്തിൽ ലഹരി ഉപയോഗിക്കുന്നതോ, വിൽപ്പന നടത്തുന്നതോ ശ്രദ്ധയിൽപെട്ടാൽ ലഹരിക്കെതിരെയുള്ള യോദ്ധാവ് പദ്ധതിയുടെ വാട്സ്ആപ്പ് നമ്പർ ആയ 9995966666 നമ്പറിലേക്ക് മെസ്സേജ് അയക്കുകയോ, ഇടുക്കി ജില്ലാ പോലീസ് നാര്‍കോട്ടിക് സെല്ലിലെ 9497912594 എന്ന നമ്പറിലോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കൂകയോ ചെയ്യേണ്ടതാണ്.
25.04.2025 തീയതിക്കു മുമ്പായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന് പരിധിയിലുളള തൊഴിലുടമകളെയും, കരാറുകാരെയും, തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളെയും ഉള്‍പ്പെടുത്തി മീറ്റിംഗ് നടത്തി നിര്‍ദ്ദേശങ്ങള്‍ നൽകണമെന്നും 15.05.2025 തീയതിക്കു മുമ്പായി ടി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും എല്ലാ എസ് എച് ഒ മാർക്കും നിര്‍ദ്ദേശം നല്കിയിട്ടുള്ളതാണ്. തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും, തൊഴിലാളികളെ കൊണ്ട് വരുന്ന വാഹനങ്ങളിലും കൃത്യമായി പരിശോധന നടത്തുന്നതിനും പോലീസ് പട്രോളിങ് ശക്തമാക്കുന്നതിനും കർശന നിർദേശം നൽകിയിട്ടുള്ളതും, കൂടാതെ ഇവരുടെ താമസ സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പരിശോധനകള്‍ നടത്തി ടി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനും നിർദേശം നൽകിയിട്ടുള്ളതാണെന്നും, ഈ കാര്യത്തിൽ എല്ലാ തൊഴിലുടമകളുടെയും മറ്റും സഹകരണം ഉണ്ടാകേണ്ടതുമാണ്.
ഇതിനോടാനുബന്ധിച്ച് 2025 ഏപ്രിൽ 19 തിയതി രാവിലെ 11 മണിക്ക് റ്റാറ്റാ ഓൾഡ് മൂന്നാർ സ്കൗട്ട് സെൻട്രലിൽ വച്ച് മൂന്നാർ പോലീസ് ഇൻസ്പെക്ടർ ശ്രീ. രാജൻ കെ അരമനയുടെ നേതൃത്വത്തിൽ മൂന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റിസോർട്ട്, ഹോംസ്റ്റേ, ലോഡ്ജ് എന്നിവിടങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെയും TATA, KDHP എന്നീ സ്ഥാപനങ്ങളിലെ അതിഥി തൊഴിലാളികളുടെയും രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നൽകി.