തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർധന ലക്ഷ്യമിട്ട് BJP; 150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ പ്രഖ്യാപിച്ചു


തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർധന ലക്ഷ്യമിട്ട് ബിജെപി. 10,000 സീറ്റുകൾ ലക്ഷം വച്ച് പ്രവർത്തിക്കാനാണ് പാർട്ടിയുടെ ആഹ്വാനം. തെരഞ്ഞെടുപ്പിനായി 150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ പ്രഖ്യാപിച്ചു. 21,865 വാർഡുകളിൽ 10000 സീറ്റുകൾ ലക്ഷ്യം വച്ച് പ്രവർത്തിക്കാനാണ് ആഹ്വാനം. കഴിഞ്ഞതവണ 1,600 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.
വോട്ടര്‍ പട്ടിക പരിശോധന, ബിഎല്‍ഒമാരെ തീരുമാനിക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍, വികസിത വാര്‍ഡ് പ്രചാരണം, ഫണ്ട് ശേഖരണം, പദയാത്ര എന്നിങ്ങനെയാണ് പ്രവർത്തന പദ്ധതി. മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ വാര്‍ഡ് തലത്തില്‍ സര്‍വേ നടത്തും. ഇതിനായി സംസ്ഥാന കമ്മിറ്റി പുതിയ ആപ്പ് തയ്യാറാക്കാനും തീരുമാനം.
പ്രവർത്തന റിപ്പോർട്ട് ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന പ്രസിഡന്റിന് നല്‍കണം. വാര്‍ഡുതലത്തില്‍ ഇന്‍ ചാര്‍ജ്, ഡെപ്യൂട്ടി ഇന്‍ ചാര്‍ജ്, മൂന്ന് വികസിത കേരളം വോളന്റിയര്‍മാര്‍ എന്നിവരെ നിയോഗിക്കും. ഒരാള്‍ സ്ത്രീയും ഒരാള്‍ പട്ടികജാതി വിഭാഗക്കാരനുമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഏകോപനത്തിന് സംയോജകരെ ആർഎസ്എസ് നിശ്ചയിക്കും. പാർട്ടി ചുമതലയിലും, തെരഞ്ഞെടുപ്പ് രംഗത്തും 30 ശതമാനം ന്യൂനപക്ഷങ്ങൾക്കും – പുതുമുഖങ്ങൾക്കും സംവരണം നൽകാനും തീരുമാനമായിരുന്നു.