ജെ ഡി വാന്‍സും കുടുംബവും ഇന്ത്യയിലെത്തി; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും


യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും കുടുംബവും നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. രാവിലെ 9.45ഓടെ ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലിറങ്ങിയ വാന്‍സിനേയും കുടുംബത്തേയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സ്വീകരിച്ചു. ട്രൈ സര്‍വീസസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഇന്ത്യ യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആദരവറിയിച്ചു. വാന്‍സിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സും കുട്ടികളുമുണ്ട്. ഇന്ന് വൈകീട്ടോടെ വാന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് വാന്‍സ് ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. പെന്റഗണ്‍, യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുപേരടങ്ങിയ ഒരു സംഘവും വാന്‍സിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.
ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കാനും ഫെബ്രുവരി 13ല്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ആലോചനകള്‍ക്കുമാണ് വാന്‍ഡ് ഇന്ത്യയിലെത്തിയിരിക്കുന്നത്. കൂടാതെ വിവിധ മേഖലകളില്‍ യുഎസ്- അമേരിക്ക ബന്ധത്തിന്റെ പുരോഗതിയും വാന്‍സും സംഘവും വിലയിരുത്തും. ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട ആഗോള ആശങ്കകളുടെ കൂടി പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം. വാന്‍സ് ഉടന്‍ തന്നെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും.
നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാന്‍സും കുടുംബവും ജയ്പൂരും ആഗ്രയും സന്ദര്‍ശിക്കും. താജ് മഹല്‍ സന്ദര്‍ശനവും അജണ്ടയിലുണ്ട്. ജയ്പൂര്‍ കൊട്ടാരം കൂടി സന്ദര്‍ശിച്ച ശേഷമാകും വാന്‍സും കുടുംബവും മടങ്ങുക. വാന്‍സ് രാജസ്ഥാന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.