വണ്ടിപ്പെരിയാര്‍ സി എച്ച് സി യുടെ സേവനം തിങ്കള്‍ മുതല്‍ വൈകിട്ട് ആറു വരെ
വണ്ടിപ്പെരിയാര്‍ സി എച്ച് സി യുടെ സേവനം തിങ്കളാഴ്ച മുതല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുമണിവരെയാക്കി. വാഴൂര്‍ സോമന് എം എല്‍ എ യുടേയും ജില്ലാ വികസന കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന്റെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തിലേതാണ് തീരുമാനം. ആശുപത്രിയിലെ ഒ പി സമയം രണ്ടുമണിവരെയായിരുന്നതാണ് വൈകുന്നേരം 6 മണി വരെ ആക്കി പുന:ക്രമീകരിച്ചത്.
കൂടാതെ ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടറിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. നിലവിലെ ആശുപത്രി കെട്ടിടത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഒ പി ഫാര്‍മസി ആരംഭിക്കാനും പുതിയ ഫാര്‍മസിസ്റ്റിനെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.നൗഷാദ് അധ്യക്ഷത വഹിച്ചു വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഉഷ,
ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സെല്‍വത്തായി, മെഡിക്കല്‍ ഓഫീസര്‍ ഡോണ്‍ ബോസ്കോ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ഡി.അജിത്ത്, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.