ലഹരിക്കെതിരെ യുവജനങ്ങൾ ആത്മീയതയുടെ കോട്ട പണിയണം: മാർ ജോൺ നെല്ലിക്കുന്നേൽ


ലഹരിക്കെതിരെ യുവജനങ്ങൾ ആത്മീയയുടെ കോട്ട തീർക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. രൂപതയിലെ 11,12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന എഴുകുംവയൽ കുരിശുമല തീർത്ഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സമൂഹം ലഹരി എന്ന വലിയ വിപത്തിനെതിരെ പോരാട്ടം നടത്തുന്ന കാലമാണിത്. യുവജനങ്ങൾ ലഹരിയുടെ ഉപയോഗത്തിനും വിപണനത്തിനുമെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.ജീവിതത്തിലെ സഹനങ്ങൾ രക്ഷയിലേക്കുള്ള ഒറ്റയടി പാതയാണ് എന്ന് പുതുതലമുറയ്ക്ക് ബോധ്യം ഉണ്ടാകുന്നതിനും സഹനങ്ങൾ രക്ഷാകരമാണ് എന്ന തിരിച്ചറിവിലേക്ക് അവർ എത്തിച്ചേരുന്നതിനും ഈ തീർത്ഥാടനം ഉപകരിക്കുമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. സമൂഹത്തെ ഗൗരവമായി ബാധിച്ചിരിക്കുന്ന ലഹരിയുടെ പിടിയിൽ നിന്നും പുതുതലമുറ മാറി ചിന്തിക്കുന്നതിനും ത്യാഗം സഹിച്ചുള്ള ആത്മീയ ശീലങ്ങൾ ജീവിതത്തിന്റെ പുതു ലഹരിയായി രൂപാന്തരപ്പെടുന്നതിനും ഇത്തരം തീർത്ഥാടനം വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എഴുകുംവയൽ നിത്യസഹായമാതാ പള്ളിയിൽ രാവിലെ 7.30 ന് നടന്ന ദിവ്യകാരുണ്യ ആരാധനക്ക് മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി. തുടർന്ന് നടന്ന പരിഹാര പ്രദക്ഷിണത്തിൽ വിവിധ ഇടവകകളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. എഴുകുംവയൽ കപ്പേളയിൽൽ പരിഹാരപ്രദക്ഷിണം എത്തിച്ചേർന്നപ്പോൾ അഭിവന്ദ്യ പിതാവ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി കൊടുത്തു. തുടർന്ന് കുരിശിന്റെ വഴി പ്രാർത്ഥന ചെല്ലി കുരിശുമല തീർത്ഥാടനം നടന്നു. ലഹരി വിമുക്ത സമൂഹത്തിനും ലഹരിക്ക് അടിമകളാക്കുകയും ലഹരിയുടെ വിപണനം നടത്തുകയും ചെയ്യുന്നവരുടെ മാനസാന്തരവുമായിരുന്നു തീർത്ഥാടനത്തിന്റെ പ്രധാന നിയോഗം. മലമുകളിൽ നടന്ന വിശുദ്ധ കുർബാനക്ക് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഫാ.ജോസഫ് നടുപ്പടവിൽ, ഫാ. അമൽ മണിമലക്കുന്നേൽ, ഫാ.അലക്സ് ചേന്നംകുളം എന്നിവർ സഹകാർമ്മികരായി.
വിദ്യാർത്ഥികൾക്ക് കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിരുന്നു. മുഴുവർ തീർത്ഥാടകർക്കും നേർച്ചക്കഞ്ഞിയും നൽകി. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. തോമസ് വട്ടമല, ഫാ.ജിൻസ് കാരയ്ക്കാട്ട്, ഫാ. ലിബിൻ വള്ളിയാംതടത്തിൽ, സാം സണ്ണി, സെസിൽ ജോസ് എന്നിവർ നേതൃത്വം നൽകി.