ലോക്സഭയിലെ വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി; വിപ്പുണ്ടായിട്ടും വിട്ടുനിന്നു


ലോക്സഭയിലെ വഖഫ് ബിൽ ചർച്ചയിൽ വിപ്പ് ഉണ്ടായിട്ടും പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല. പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്സഭയിൽ എത്തിയിരുന്നില്ല. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എം.പിമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയിരുന്നു. എന്നാൽ, വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക പാർലമെന്റിലെത്തിയിരുന്നില്ല.
അതേസമയം, പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല. വഖഫ് ബില്ലിന്റെ ചർച്ച തുടങ്ങുമ്പോൾ രാഹുൽ ഗാന്ധിയും ലോക്സഭയിലെത്തിയിരുന്നില്ല. എന്നാൽ, പിന്നീട് അദ്ദേഹം ലോക്സഭയിലെത്തിയെങ്കിലും പ്രിയങ്ക വിട്ടുനിൽക്കുകയായിരുന്നു.
ഗൗരവമായുള്ള കാര്യങ്ങൾക്കെല്ലാതെ ആരെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നത് ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് എന്നായിരുന്നു ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം.
‘അത്തരം നടപടികളോട് യോജിക്കാനാവില്ല. ഞങ്ങളുടെ പാർട്ടിയുടെ ഏറ്റവും സുപ്രധാന സമ്മേളനം മധുരയിൽ നടക്കുമ്പോൾ അതൊഴിവാക്കിയാണ് ഞങ്ങൾ ഇവിടെ എത്തിയത്. മധുരയിലേക്ക് പോയവർ വരെ തിരിച്ചുവന്ന് ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തുവെന്നും’- ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്. 390 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേർ എതിർത്തു. ഒരാൾ വിട്ടുനിന്നു. തുടർന്ന് മറ്റുഭേദഗതികൾ വോട്ടിനിട്ടു.