ഇന്ത്യയ്ക്ക് 26 ശതമാനം തീരുവ, ചൈനയ്ക്ക് 34 %; പകരച്ചുങ്കം പ്രഖ്യാപിച്ച് അമേരിക്ക


അമേരിക്കയ്ക്ക് ‘വിമോചന ദിന’മെന്ന പ്രഖ്യാപനത്തോടെ വ്യാപാര പങ്കാളികൾക്ക് കനത്ത തീരുവ പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയിലെത്തുന്ന എല്ലാ ഉത്പന്നങ്ങൾക്കും അടിസ്ഥാന ഇറക്കുമതി തീരുവ പത്ത് ശതമാനമാക്കി. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവും പ്രഖ്യാപിച്ചു. ജപ്പാന് 24 ശതമാനമാണ് തീരുവ.
മോദി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്, പക്ഷേ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത് 52% തീരുവയാണ്. നമ്മൾ അത്രയും ചെയ്യുന്നില്ലെന്നും ഇന്ത്യയ്ക്ക് 26% തീരുവ മാത്രമെന്നും ട്രംപ് കൂട്ടിച്ചേർത്തു.10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക. പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം. അമേരിക്ക സുവർണ കാലഘട്ടത്തിലേക്ക് മടങ്ങുകയാണെന്നും ട്രംപ് വ്യക്തമാക്കി.
‘വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു, ഇനി അതുണ്ടാകില്ല. അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് ‘വിമോചനദിന’മായി അറിയപ്പെടും. നമുക്ക് മേല്‍ തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ നിന്ന് നാം പകരച്ചുങ്കം ചുമത്തുകയാണ്. അവര്‍ നമ്മളോട് ചെയ്തത് നാം തിരിച്ച് ചെയ്യുന്നു അത്രമാത്രം’- ട്രംപ് പറഞ്ഞു.