വാതിൽപ്പടി സേവനം ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കും – മുഖ്യമന്ത്രി
അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ”വാതില്‍പ്പടി സേവനം” പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടമായി ആരംഭിക്കുക. ആദ്യഘട്ട പ്രവര്‍ത്തനാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഡിസംബറില്‍ സംസ്ഥാന വ്യാപകമാക്കുമെന്നും പദ്ധതിയുടെ ആലോചനാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ആജീവനാന്ത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കല്‍, സാമൂഹിക സുരക്ഷ പെന്‍ഷന്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചുനല്‍കല്‍, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് മറ്റു സേവനങ്ങള്‍ കൂടി ഇതിന്റെ ഭാഗമാക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് അംഗത്തിന്റെ അധ്യക്ഷതയില്‍ ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവന വോളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സേവനം ആവശ്യമായവരുമായി ബന്ധപ്പെടാനുള്ള പ്രാഥമിക ചുമതല ആശാവര്‍ക്കര്‍മാര്‍ക്കാണ്.
സേവനം ലഭ്യമാക്കേണ്ടവര്‍ക്ക് കമ്മിറ്റി അംഗങ്ങളെ ഫോണ്‍ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്. ഇതിനായി കമ്മിറ്റി അംഗങ്ങളുടെ ഫോണ്‍ നമ്പരുകള്‍ അടങ്ങിയ കാര്‍ഡ് വിതരണം ചെയ്യും. അക്ഷയ കേന്ദ്രങ്ങളും സന്നദ്ധ സേവന വോളണ്ടിയര്‍മാരും ആശാവര്‍ക്കര്‍മാരുടെ സഹായത്തിനുണ്ടാകും.
സന്നദ്ധ സേനാംഗങ്ങളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള വോളണ്ടിയര്‍മാരെ സുതാര്യമായ രീതിശാസ്ത്രം ഉപയോഗിച്ച് കണ്ടെത്തണം. എന്‍ എസ് എസ്, എന്‍ സി സി വോളണ്ടിയര്‍മാരെ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാവുന്നതാണ്.
ഓരോ ആളിനും ആവശ്യമായ മരുന്നുകള്‍ പ്രാദേശികമായി ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പാലിയേറ്റീവ് കെയര്‍ ആവശ്യമായവര്‍ക്ക് ഈ സേവനം ലഭ്യമാക്കാന്‍ ആവശ്യമായ കരുതലുകള്‍ ഉണ്ടാകണം. കോവിഡ് കാലത്ത് നടപ്പിലാക്കിയ രീതി ഇതിനായി തുടരാവുന്നതാണ്.
വാതില്‍പ്പടി സേവന പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ അടിസ്ഥാനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലും നിരന്തരം അവലോകനം ചെയ്യണം. ജില്ലാ കളക്ടര്‍മാക്കും ജില്ലാ ആസൂത്രണ സമിതിക്കും പദ്ധതിയുടെ നടത്തിപ്പിലും മോണിറ്ററിങിലും നിര്‍ണ്ണായകമായ പങ്ക് വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രായാധിക്യത്താല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ ചലന പരിമിതി അഭിമുഖീകരിക്കുന്നവര്‍ക്ക് പിന്തുണയായാണ് വാതില്‍പ്പടി സേവനം പദ്ധതി പ്രഖ്യാപിച്ചത്.
യോഗത്തില്‍ മന്ത്രിമാരായ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ഡോ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്ജ്, എം.എല്‍.എമാരായ ഐ.ബി. സതീഷ്, മുഹമ്മദ് മുഹസിന്‍, കെ.വി. സുമേഷ്, ജോബ് മൈക്കിള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സാമൂഹ്യ നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.