കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ എച്ച്ഐവി ബാധിച്ചത് 52 പേർക്ക്


കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ 52 പേർക്ക് എച്ച്ഐവി ബാധിച്ചെന്ന് റിപ്പോർട്ട്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ അന്വേഷണത്തിലാണ് കണ്ടെത്തിയല്‍. സിറിഞ്ചുകൾ പങ്ക് വെച്ചതാണ് എച്ച്ഐവിക്ക് കാരണമായത്. ഈവിധം എച്ച്ഐവി ബാധിച്ചവർ നിലവിൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിരീക്ഷണത്തിലാണ്.
മയക്കുമരുന്ന് കുത്തിവെക്കുന്നവരെ കണ്ടെത്തുകയും അവരുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്ത ശേഷമാണ് എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാക്കിയത്.
മലപ്പുറം വളാഞ്ചേരിയിലെ ലഹരി വ്യാപനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടർ അന്വേഷണത്തിൽ കണ്ടെത്തുന്നത്. സിറിഞ്ചുകള്‍ ഉപയോഗിച്ച് നേരിട്ട് ശരീരത്തില്‍ കുത്തിവെക്കുന്ന ബ്രൗണ്‍ഷുഗറിന്റെ വകഭേദമായ ടോമയെന്ന ലഹരിമരുന്നാണ് വളാഞ്ചേരിയില്‍ വ്യാപകമായി വില്‍ക്കുന്നത്.
വളാഞ്ചേരി നഗരമധ്യത്തിലടക്കം നിരവധി ഹോട്‌സ്‌പോട്ടുകളിലാണ് ലഹരിയുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നതെന്നും റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. വളാഞ്ചേരിയില്‍ എച്ച്‌ഐവി ബാധിതര്‍ ഉപയോഗിച്ച ലഹരി ബ്രൗണ്‍ ഷുഗര്‍ ആണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ടോമയെന്ന രാസലഹരിയാണ് ഇവര്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടര്‍ കണ്ടെത്തി.
ഹെറോയിന്റെ സാന്നിധ്യമുള്ള ടോമയ്ക്ക് മില്ലിഗ്രാമിന് പോലും ആയിരത്തിലധികമാണ് വില. നഗരമധ്യത്തില്‍ തന്നെ കാടുമൂടിയ പ്രദേശങ്ങള്‍ ലഹരി ഉപയോഗത്തിനായി സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഒരാള്‍ ഉപയോഗിച്ച സിറിഞ്ച് തന്നെ പലരും ഉപയോഗിക്കുന്നതിലൂടെയാണ് ലഹരി ഉപയോഗിച്ചവര്‍ എച്ച്‌ഐവി ബാധിതരായത്. ലഹരി വില്‍ക്കുന്നവര്‍ സിറിഞ്ച് കിട്ടാത്ത സാഹചര്യം വന്നാല്‍ അവരുടെ അടുത്ത് വരുന്നവര്‍ക്കും ഒരേ സിറിഞ്ചില്‍ നിന്ന് തന്നെ കുത്തിവെക്കുന്ന സാഹചര്യവുമുണ്ട്. ടോമയടക്കമുള്ള ലഹരിമരുന്നുകളുടെ വില്‍പ്പനക്കാര്‍ കൂടുതലായും ഇതര സംസ്ഥാന തൊഴിലാളികളാണ്.