മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ! ബോക്‌സ് ഓഫീസില്‍ കത്തിക്കയറി ‘എമ്പുരാന്‍’; നന്ദി അറിയിച്ച് പൃഥ്വിരാജ്


പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ എമ്പുരാന്‍ വലിയ ഓളമാണ് തീയറ്ററുകളിൽ സൃഷ്‌ടിച്ചത്. ഒരു മലയാള സിനിമയ്ക്കും ഇതുവരെ ലഭിക്കാത്ത വന്‍ ഹൈപ്പോടെയാണ് ചിത്രം ഇന്നലെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ തുടര്‍ച്ചായി എത്തിയ എമ്പുരാന്‍ പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങലേല്‍പ്പിച്ചിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. കേരളത്തില്‍ മാത്രം 746 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ എന്ന നേട്ടവും ചിത്രം കരസ്ഥമാക്കി. ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് വിവരം അറിയിച്ചത്. ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ്. ഇത് സാധ്യമാക്കിയതിന് പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി എന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
”ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു! ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ്. ഇത് സാധ്യമാക്കിയതിന് പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി.L2E #EMPURAN തിയേറ്ററുകളിൽ!” – പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചു.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ഇന്ത്യയിൽ ആദ്യദിനം ₹22 കോടി നെറ്റ് കളക്ഷൻ സ്വന്തമാക്കി എന്നാണ് ഫിലിം ട്രാക്കർ സാക്‌നില്ക് റിപ്പോർട്ട് ചെയ്തത്. മാത്രമല്ല 500+ അധിക ഷോകളായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. മിഡിൽ ഈസ്‌റ്റ്, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങി രാജ്യത്തിന് പുറത്തുള്ള നിരവധി ഇടങ്ങളില്‍ എമ്പുരാന്‍ റിലീസ് ചെയ്‌തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാ സെന്‍ററുകളിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്, (IMAX 2D) യുടെ പട്ടികയിൽ കൊച്ചിയാണ് മുന്നിട്ട് നില്‍ക്കുന്നത്. തൊട്ടുപിന്നാലെ തിരുവനന്തപുരവുമുണ്ട്. എമ്പുരാന് വേണ്ടി 516 അധിക രാത്രി ഷോകൾ ചേർത്തിട്ടുണ്ടെന്ന് ഓൺലൈൻ ട്രാക്കർമാർ പറഞ്ഞു. 313 ഷോകൾ നേടിയ വിജയ് ചിത്രം ലിയോയ്ക്കായിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയത്.