പീരുമേട്ടിൽ നിന്ന് കട്ടപ്പനയിലേക്ക് : 110 കെ.വി. വൈദ്യുതിലൈൻ വരുന്നു
ഉപ്പുതറ : പീരുമേട് സബ് സ്റ്റേഷനിൽ നിന്ന് കട്ടപ്പന സബ് സ്റ്റേഷനിലേക്ക് കെ.എസ്.ഇ.ബി.യുടെ 110 കെ.വി. വൈദ്യുതിലൈൻ സ്ഥാപിക്കാൻ തീരുമാനം. ഇതിൽ പ്രതിഷേധവുമായി കർഷകർ. ജനവാസമേഖലയിലൂടെ വൈദ്യുതിലൈൻ വരുന്നതോടെ വീടും സ്ഥലവും ഉപേക്ഷിച്ച് പോകേണ്ടിവരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കൃഷിയിടങ്ങൾക്കു നടുവിലൂടെയും വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും മുകളിലൂടെ 36 കിലോമീറ്റർ ദൈർഘ്യത്തിലാണ് 110 കെ.വി. ഡബിൾ സർക്യൂട്ട് ലൈൻ വലിക്കാൻ കെ.എസ്.ഇ.ബി. തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഉപ്പുതറ മുതൽ കട്ടപ്പന വരെ 10 കിലോമീറ്റർ പൂർണമായും ജനവാസമേഖലയിലൂടെയാണ് ലൈൻ പോകുന്നത്. 22 മീറ്റർ വീതിയിൽ ഇതിനായി സ്ഥലം ആവശ്യമായിവരും. കട്ടപ്പന, പീരുമേട്, പള്ളം തുടങ്ങിയ മേഖലയിലെ വൈദ്യുതിതടസ്സം ഇല്ലാതാക്കാനാണ് പുതിയ ലൈൻ വലിക്കുന്നത്. ഇതിനുവേണ്ടി മുതിരപ്പുഴയിലെ ആറു പവർഹൗസുകളും ഇടുക്കി, ശബരിഗിരി പദ്ധതികളും തമ്മിൽ ബന്ധിപ്പിക്കും. 40.70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് അംഗീകാരം നൽകിയ വകുപ്പ് പ്രാഥമിക സർവേയും പൂർത്തിയാക്കി.