ഇത് പുനരധിവാസത്തിനുള്ള കേരള മോഡല്‍, വയനാട് ദുരന്തബാധിതരോട് കേന്ദ്രം കാണിച്ചത് ക്രൂരത: മന്ത്രി കെ രാജന്‍


വയനാട് നടപ്പിലാക്കുന്നത് പുനരധിവാസത്തിനുള്ള കേരള മോഡല്‍ എന്ന് റവന്യൂ മന്ത്രി കെ രാജന്‍. സമഗ്രമായ പുനരധിവാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സമഗ്രമായ ടൗണ്‍ ഷിപ്പാണ് വയനാട് വരാനിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ ടൗണ്‍ഷിപ്പിന്റെ പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. സ്‌പോണ്‍സര്‍മാരുമായി വീണ്ടും ബന്ധപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗടക്കം ഒരുമിച്ച് നില്‍ക്കണം എന്നാണ് ആഗ്രഹമെന്നും മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് മന്ത്രി കെ രാജന്‍ ഉന്നയിച്ചത്. കേന്ദ്രത്തിന്റെത് ദുരന്തബാധിതരോടുള്ള ക്രൂരതയാണ്. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ മറ്റ് വഴികള്‍ നോക്കും. തുടര്‍ച്ചയായ അവഗണന രാഷ്ട്രീയമാണെങ്കിലും ദുരന്തബാധിതരോട് ചെയ്യരുത്. കേരളം ചോദിക്കുന്നത് അവകാശമാണെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഇന്ന് വൈകീട്ടാണ് ചടങ്ങ്. റവന്യൂമന്ത്രി കെ രാജന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സംസ്ഥാന മന്ത്രിമാര്‍, പ്രിയങ്കാഗാന്ധി എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.