മന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി ജെ പി നഡ്ഡ


ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി കേന്ദ്രമന്ത്രി ജെ പി നഡ്ഡ. അടുത്താഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നത് താൻ അറിഞ്ഞിരുന്നില്ലെന്ന് ജെ പി നഡ്ഡ വ്യക്തമാക്കി.
മന്ത്രി വീണാ ജോർജ് ഡൽഹിയിൽ എത്തിയതെന്ന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി രണ്ട് കത്തുകളാണ് നൽകിയിരുന്നത്. ആശമാരുടെ പ്രശ്നങ്ങൾ ഉൾപ്പടെ കേരളത്തിന്റെ നാല് ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ ജെ പി നഡ്ഡയെ അറിയിക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു മന്ത്രിയുടെ ഡൽഹിയിലേക്കുള്ള വരവ്. എന്നാൽ ഇന്നലെ മുഴുവൻ സമയവും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് മന്ത്രി കേരള ഹൗസിൽ തുടരുന്ന സാഹചര്യവും ഉണ്ടായിരുന്നു. പാർലമെൻറ്റ് നടക്കുന്നതിനാൽ അദ്ദേഹത്തിന് കൂടിക്കാഴ്ചയ്ക്കായി സമയം ലഭിക്കാത്തതിനാലാകാം തനിക്ക് അപ്പോയിന്മെന്റ് ലഭിക്കാത്തത് എന്നായിരുന്നു വീണാ ജോർജ് വിശദീകരണം എന്ന നിലയിൽ ഇന്നലെ പ്രതികരിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്കായി താൻ നേരത്തെ തന്നെ സമയം ആവശ്യപ്പെട്ടിരുന്നുന്നുവെന്നും അതിനായി അയച്ച 2 കത്തുകളും മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ കാണിക്കുകയും ചെയ്തിരുന്നു. 18,19 തീയതികളിലായിരുന്നു മന്ത്രി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്കായി സമയം ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സിൻ്റെ നിരാഹാര സമരം തുടരുകയാണ്. നിരാഹാരത്തിൻ്റെ രണ്ടാം ദിവസവും രാപ്പകൽ സമരത്തിൻ്റെ നാല്പതാം ദിവസവുമാണ് ഇന്ന്. സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നിലപാട്. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം എന്നിവയാണ് സമരത്തിന്റെ ഇപ്പോഴത്തെ ആവശ്യം. എം.എ ബിന്ദു, ഷീജ, തങ്കമണി എന്നിവരാണ് നിലവിൽ സമരത്തിൻ്റെ ഭാഗമായി നിരാഹാരമിരിക്കുന്നത്.