നെറ്ഫ്ലിക്സിൽ ദുരന്തമായി 2700 കോടിയിലൊരുക്കിയ ചിത്രം


സ്ട്രേഞ്ചർ തിങ്ങ്സ് താരം മില്ലി ബോബി ബ്രൗണും ഗാർഡിയൻസ് ഓഫ് ദി ഗ്യാലക്സി സിനിമകളിലൂടെ ശ്രദ്ധ നേടിയ ക്രിസ് പ്രാറ്റും പ്രധാന വേഷങ്ങളിലഭിനയിച്ച ‘ദി ഇലക്ട്രിക്ക് സ്റ്റേറ്റ്’ എന്ന നെറ്ഫ്ലിക്സ് ചിത്രത്തിന് മോശം പ്രേക്ഷക പ്രതികരണം. അവേഞ്ചേഴ്സ്: എൻഡ് ഗെയിം, ഇൻഫിനിറ്റി വാർ എന്നെ ചിത്രങ്ങളിലൂടെ ബോക്സോഫീസിലും സിനിമാസ്വാദകർക്കിടയിലും തരംഗം സൃഷ്ടിച്ച റൂസ്സോ സഹോദരന്മാരാണ് ദി ഇലക്ട്രിക്ക് സ്റ്റേറ്റിന്റെ സംവിധായകർ.
‘സിനിമയെ വെറും കണ്ടന്റ് ആക്കി മാറ്റുമ്പോൾ ഇതുപോലുള്ള ചിത്രങ്ങളെ കിട്ടൂ’ എന്ന് റോളിങ്ങ് സ്റ്റോണും, ഇലക്ട്രിക്ക് സ്റ്റേറ്റിന് ഉള്ളിൽ കാര്യമായി ഒന്നുമില്ല എന്ന് ഐ.ജി.എൻ ഉം, വെറുത്തു പോകുന്നൊരു ചിത്രത്തിന് വേണ്ടി നെറ്ഫ്ലിക്സ് 320 മില്യൺ (2700 കോടി) രൂപ മുടക്കി എന്ന് ന്യൂയോർക്ക് പോസ്റ്റും, റൂസ്സോ സഹോദരന്മാരുടെ കരിയറിലെ ഏറ്റവും മോശം ചിത്രം എന്ന് ഇന്ത്യൻ എക്സ്പ്രസ്സും റിപ്പോർട്ട് ചെയ്തു.
സയൻസ് ഫിക്ഷൻ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ റോബോട്ടുകൾ മനുഷ്യകുലത്തിന് മേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന 1990 കളുടെ സ്വഭാവമുള്ള ലോകത്ത്, കാണാതായ തന്റെ അനുജനെ തേടി ഒരു കുഞ്ഞൻ റോബോട്ടിനൊപ്പം യാത്ര തിരിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ‘ദി ഇലക്ട്രിക്ക് സ്റ്റേറ്റ്’ പറയുന്നത്.
മില്ലി ബോബി ബ്രൗൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്ട്രേഞ്ചർ തിങ്സിന്റെ, അഞ്ചാമത്തേയും അവസാനത്തേതും ആയ സീസണിന്റെ റിലീസ് അടുത്ത് വരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ വൻ പരാജയം താരത്തിന്റെ പ്രതിഫലം വലിയ അളവിൽ വെട്ടിക്കുറക്കാൻ കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ. 2026ൽ റിലീസ് പ്രതീക്ഷിക്കുന്ന അവേഞ്ചേഴ്സ്: ഡൂംസ്ഡേ ആണ് റൂസ്സോ സഹോദരന്മാരുടെ അടുത്ത ചിത്രം.