രാമേശ്വരത്ത് പുതിയ വിമാനത്താവളം നിർമ്മിക്കും; ഭാഷാപ്പോര് രൂക്ഷമായിരിക്കെ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികൾ


ഭാഷാപോര് രൂക്ഷമായിരിക്കെ തമിഴ്നാട് ബജറ്റിൽ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികൾ. തമിഴ് താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽവത്കരിക്കുന്നതിനമായി രണ്ട് കോടി രൂപ അനുവദിച്ചു. തമിഴ് ബുക്ക് ഫെയർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തും. ദുബൈയിലും സിംഗപ്പൂരിലുമടക്കം ബുക്ക് ഫെയർ നടത്താൻ തീരുമാനമായി.
വിദേശത്തുള്ള കുട്ടികളെ തമിഴ് ഭാഷയും സംസ്കാരവും പഠിപ്പിക്കാനായി പത്ത് കോടി രൂപ അനുവദിച്ചു. ലോക തമിഴ് ഒളിമ്പ്യാഡ് നടത്തും, ഇതിനായി ഒരു കോടി. മധുരൈയിൽ ഭാഷാ മ്യൂസിയം സ്ഥാപിക്കും. ഓരോ വർഷവും നൂറ് മികച്ച തമിഴ് കൃതൃകൾ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്യും. ഇതിനായി പത്ത് കോടിയും അനുവദിച്ചു.
മെഡിക്കൽ – എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റും. തിരുക്കുറൾ യുഎൻ അംഗരാജ്യങ്ങളുടെ ഔദ്യോഗികഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ഒരു കോടി 33 ലക്ഷം രൂപ. മൂന്ന് വർഷത്തിനകം ഇത് പൂർത്തിയാക്കും.
രാമേശ്വരത്ത് പുതിയ വിമാനത്താവളം നിർമ്മിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. സംസ്ഥാന ബജറ്റിൽ ആണ് പ്രഖ്യാപനം. പരന്തൂർ വിമാനത്താവളത്തിനായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഈ പദ്ധതിയെ വിജയ് നേരത്തെ എതിർത്തിരുന്നു.
കേന്ദ്രവിഹിതത്തിനായി അഭിമാനം നഷ്ടപ്പെടുത്തില്ല. 2000 കോടി രൂപ നഷ്ടപ്പെട്ടാലും ത്രിഭാഷപദ്ധതി നടപ്പാക്കില്ലെന്ന് ധനമന്ത്രി. സംസ്ഥാന സർക്കാർ തന്നെ പണം കണ്ടെത്തുമെന്നും ബജറ്റ് പ്രസംഗത്തിൽ തങ്കം തെന്നരസ്സ് അറിയിച്ചു.