വാഹന ഗതാഗതം നിരോധിച്ചുകൊണ്ട് പഴയ ബസ് സ്റ്റാൻഡ് നവീകരിച്ചെങ്കിലും കോൺക്രീറ്റ് തകർന്ന എല്ലാ ഭാഗങ്ങളും നന്നാക്കാത്തതിൽ പ്രതിഷേധം


കട്ടപ്പന . വാഹന ഗതാഗതം നിരോധിച്ചുകൊണ്ട് പഴയ ബസ് സ്റ്റാൻഡ് നവീകരിച്ചെങ്കിലും കോൺക്രീറ്റ് തകർന്ന എല്ലാ ഭാഗങ്ങളും നന്നാക്കാത്തതിൽ പ്രതിഷേധം. ടൗണിലെ റോഡുകളെല്ലാം തകർന്നിട്ടും നന്നാക്കാൻ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമായതോടെയാണ് നഗരസഭയിൽ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് പണികൾ ആരംഭിച്ചത്. ഇതിൽ പഴയ ബസ് സ്റ്റാൻഡിലെ അറ്റകുറ്റപ്പണികളും നടത്താൻ തീരുമാനിച്ചിരുന്നു. ഫെബ്രുവരി 25 മുതൽ 14 ദിവസത്തേയ്ക്ക് വാഹന ഗതാഗതം നിരോധിച്ചുകൊണ്ട് കോൺക്രീറ്റ് ജോലികൾ നടത്തുകയായിരുന്നു. ഏറ്റവും കൂടുതൽ തകർന്നു കിടന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്‌തെങ്കിലും സ്റ്റാൻഡിന്റെ വിവിധ മേഖലകളിൽ പൊളിഞ്ഞു തുടങ്ങിയ ഭാഗങ്ങൾ നന്നാക്കാൻ നടപടിയുണ്ടായില്ല. നിലവിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്ന ഭാഗത്തോടു ചേർന്ന് പൊളിഞ്ഞിട്ടുള്ള ഭാഗവും നന്നാക്കാതെ കിടക്കുകയാണ്. അതിനാൽ ഈ ഭാഗമെല്ലാം വൈകാതെ വലിയ കുഴികളാകുന്ന സ്ഥിതിയാണ്. കോൺക്രീറ്റ് പൊളിഞ്ഞു തുടങ്ങിയ ഭാഗങ്ങൾ കൂടി നന്നാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.