പൈനാവ് , മൂന്നാർ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 22 ഒഴിവുകൾ


പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ , മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് കരാർ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. വിവിധ വിഷയങ്ങളിൽ ഹൈ സ്‌കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മാനേജർ കം റെസിഡന്റ് ട്യൂട്ടർ തസ്തികയിലടക്കം ആകെ 22 ഒഴിവുകളാണുള്ളത്. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്കർഷിയ്ക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിന് ബാധകമാണ്. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തു പരീക്ഷയ്ക്ക് ശേഷമാകും കൂടിക്കാഴ്ച്ച.
വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അസ്സൽ രേഖകളും അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം 2026 മാർച്ച് 31 വരെയായിരിയ്ക്കും. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും. മാനേജർ കം റെസിഡന്റ് ട്യൂട്ടർ തസ്തികയ്ക്ക് ആൺ/പെൺ തിരിച്ച് നിയമനം നടത്തുന്നതാണ്.
അപേക്ഷകൾ പ്രോജക്റ്റ് ഓഫീസ്സർ, ഐ.റ്റി.ഡി.പി. ഇടുക്കി, ഒന്നാം നില, ന്യൂ ബ്ലോക്ക്, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ, പിൻ-685584 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി ഏപ്രിൽ 15 വൈകീട്ട് 4. മണി.കൂടുതൽ വിവരങ്ങൾക്ക് 04862 222399.