വ്യത്യസ്ത സമരവുമായി മേലേ ച്ചിന്നാറിൽ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം


സംസ്ഥാന സർക്കാർ ബജറ്റിലൂടെ അനുവദിച്ച റോഡ് നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പിന്നോട്ട് നടന്ന് പ്രതിഷേധിച്ചത്. അഞ്ഞൂറോളം വരുന്ന നാട്ടുകാരാണ് മൂന്നു കിലോമീറ്ററോളം പുറകോട്ട് നടന്നത്. നാടിൻ്റെ വികസനം പതിറ്റാണ്ടുകൾ പുറകിലേക്ക് പോകുന്നു എന്നതാണ് പിന്നോട്ട് നടക്കുന്നതിലൂടെ സമരക്കാർ ചൂണ്ടിക്കാണിച്ചത്.
2017-ൽ സംസ്ഥാന സർക്കാർ ബജറ്റിലൂടെ 85.65കോടി രൂപയാണ് നത്തുകല്ല് -കല്ലാറുകുട്ടി റോഡിനായി അനുവദിച്ചത്. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് വർഷം എട്ടു കഴിഞ്ഞിട്ടും റോഡ് നിർമ്മാണം ആരംഭിക്കുവാനോ പ്രാഥമിക നടപടികൾ പോലും പൂർത്തീകരിക്കുവാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വെട്ടിക്കാമറ്റം മുതൽ മേലേ ചിന്നാർ വരെയുള്ള ഭാഗമാണ് ഇപ്പോൾ അപകടകരമായ അവസ്ഥയിലുള്ളത്. വീതി കുറഞ്ഞതും റോഡിൽ അഗാധ ഗർത്തങ്ങളും അപകടകാരികളായി മാറുകയാണ്.
2017 -ൽ പ്രഖ്യാപന സമയം കിഫ്ബിയുടെ സഹായത്താൽ നിർമ്മാണം പൂർത്തിയാക്കും എന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ യാതൊരു നടപടികളും ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ്
മേലെച്ചിന്നാർ കേന്ദ്രീകരിച്ച് പ്രദേശവാസികൾ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയത്. ഇതിൻ്റെ ആദ്യപടിയായാണ് പിന്നോട്ട് നടന്ന് പ്രതിഷേധിച്ചത്.
ഈട്ടിത്തോപ്പിന് സമീപത്തു നിന്നുമാണ് മൂന്നു കിലോമീറ്റർ 500-ഓളം വരുന്ന നാട്ടുകാർ പിന്നോട്ട് നടന്നത്.
60 വർഷം പഴക്കമുള്ള റോഡ് കുടിയേറ്റ കാലത്തിൻ്റെ സ്മാരകമെന്നും ചുറ്റുപാടുമുള്ള നാട് പുരോഗതിയിലേക്ക് നീങ്ങുമ്പോഴും ഈ മേഖലയെ വികസന കാര്യത്തിൽ പിന്നോട്ട് നയിക്കുന്ന സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് നാട്ടുകാർ പുറകോട്ട് നടന്നത്.
ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഫാ.സഖറിയാസ് കുമ്മണ്ണുപറമ്പിൽ, സജി പേഴത്തു വയലിൽ,
ഫാ. ലിബിൻ മനക്കലേടത്ത്, രാഹുൽ കിളികൊത്തിപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ വ്യത്യസ്ത പ്രതിക്ഷേധ പരിപാടികളും,
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരണം ഉൾപ്പെടെ പ്രതിഷേധ പരിപാടികളും ജനകീയ കൂട്ടായ്മ ലക്ഷ്യമിടുന്നു.