ജപ്തി നടപടികൾ നേരിടുന്ന കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം: മാർ ജോൺ നെല്ലിക്കുന്നേൽ


കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾ ജില്ലയിലെ കർഷകരുടെ 3 ലക്ഷം വരെയുള്ള ചെറുകിട വായ്പകൾ പൂർണ്ണമായും മറ്റു വായ്പകളുടെ പലിശകളും എഴുതിത്തള്ളി ജപ്തി നടപടികളിൽ നിന്നും രക്ഷിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. നാട്ടിൽ നൂറുകണക്കിന് വ്യക്തികൾക്കാണ് സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഏതാനും സ്ഥലങ്ങളിൽ ജപ്തി നടപടികളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
സംസ്ഥാനത്ത് പൊതുവെയും ഇടുക്കി ജില്ലയിൽ പ്രത്യേകിച്ചും 2018, 2019 വർഷങ്ങളിൽ ഉണ്ടായ മഹാപ്രളയവും 2020ലെ കോവിഡ് മഹാമാരിയും ഹൈറേഞ്ചിലെ ജനത്തിന്റെ ജീവിതത്തെ ദുരിതത്തിലാക്കി. കൃഷിയും ചെറുകിട വ്യവസായങ്ങളും ടൂറിസവും താറുമാറാവുകയും ഈ മേഖലയെ ആശ്രയിച്ച് ജീവിച്ചിരുന്നവരുടെ ജീവിതങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ജില്ലയിലെ 65,000 ത്തോളം ആളുകൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പകൾ തിരിച്ചടവ് മുടങ്ങി പലിശയും പിഴപ്പലിശയും വർദ്ധിച്ച് മുതലിനൊപ്പം ആയിരിക്കുന്ന ദയനീയ സാഹചര്യമാണിന്നുള്ളത്.
കേരള ബാങ്ക് അടക്കമുള്ള സഹകരണ സ്ഥാപനങ്ങൾ വായ്പക്കാരുടെ തിരിച്ചടവും മുടങ്ങിയ വായ്പയുടെ പലിശയും പിഴപ്പലിശയും ചേർത്ത് ഭീമമായ തുക അടച്ചു തീർക്കണമെന്നും 2019ൽ കേരള ബാങ്ക് നൽകിയ സർഫെസി നോട്ടീസിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് വാങ്ങി ജപ്തി നടപടികൾ സ്വീകരിക്കുമെന്നും ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തുകയും നടപടി ആരംഭിക്കുകയും ചെയ്തിരിക്കുന്നു. കൃഷി ഭൂമിയിൽ നിന്നും ആളുകളെ ഇറക്കിവിടാൻ ഒരു ബാങ്കിനും അധികാരമില്ല. ഇത്തരം നടപടി ഒരു തരത്തിലും സാധാരണക്കാർക്ക് ഇടുക്കിയിൽ ജീവിക്കാൻ സാധ്യമല്ലാത്തവിധം ദുരിതപൂർണ്ണമാക്കുകയാണ്. സർഫെസി നിയമത്തിലെ സെക്ഷൻ 31/I കർഷകർക്കുള്ള സംരക്ഷണം ഉറപ്പു നൽകുന്നുണ്ട്. അതുപ്രകാരം കൃഷിഭൂമി ഈ നിയമത്തിന്റെ പരിധിയിൽ വരില്ലന്ന് കൃത്യമായി പറയുന്നുണ്ട്. എന്നാൽ ബാങ്കുകൾ അത് മറച്ചു പിടിച്ച് നിയമവിരുദ്ധമായി കർഷകരെ ഇറക്കിവിടാനാണ് ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിൽ ഗവൺമെന്റ് ജില്ലയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുന്ന 65,000 ത്തോളം ആളുകളുടെ ചെറുകിട വായ്പകൾ പൂർണമായും മറ്റു വായ്പകളുടെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളി അവരെ സഹായിക്കണം. ഗവൺമെന്റ് പ്രസ്തുത ബാങ്കുകളുടെ ജപ്തി നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കുന്നതിനുള്ള ഉത്തരവ് ഇറക്കി കർഷകരെ ഈ ദുരിതകാലത്ത് സഹായിക്കുകയും വേണം.