നാട്ടുവാര്‍ത്തകള്‍
ചരക്കുലോറി കവലയിൽ കുടുങ്ങി;ഗതാഗതം തടസ്സപ്പെട്ടു
മുട്ടം ∙ ചരക്കുലോറി കവലയിൽ കുടുങ്ങി മുട്ടത്ത് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഈരാറ്റുപേട്ട ഭാഗത്ത് നിന്നു മൂലമറ്റം ഭാഗത്തേക്കു തിരിയുകയായിരുന്ന ചരക്കുലോറിയാണു കവലയിൽ കുടുങ്ങിയത്. ലോറി വളഞ്ഞ് ഇറങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കേണ്ടിവന്നതോടെ വാഹനത്തിനു മുന്നോട്ടു പോകാൻ സ്ഥലം ഇല്ലാതായി.
പിന്നോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും കയറ്റവും ലോഡും മൂലം ലോറി മാറ്റാൻ സാധിച്ചില്ല. ലോറി റോഡിനു നടുവിൽ കുടുങ്ങിയതോടെ തൊടുപുഴ, മൂലമറ്റം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. തുടർന്നു പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മറ്റൊരു വാഹനം ഉപയോഗിച്ചു ലോറി പിറകോട്ടു കെട്ടിവലിച്ചു മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.