കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടു തോട്ടം തൊഴിലാളികൾക്ക് പരിക്ക്
ഉപ്പുതറ :കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടു തോട്ടം തൊഴിലാളികൾക്ക് പരിക്ക്.
ചപ്പാത്ത് തോംസൺ കാപ്പി എസ്റ്റേറ്റിലെ തൊഴിലാളികളായ സോമു (56), രാമ ലക്ഷ്മി (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. അഞ്ചു തൊഴിലാളികൾ ചേർന്ന്കാപ്പി തോട്ടത്തിലെ കള വെട്ടുന്നതിനിടെ കാട്ടുപന്നി അക്രമിക്കുകയായിരുന്നു.
ഇതിനിടയിൽഇരുവരേയും പന്നിതട്ടിയെറിയുകയായിരുന്നു. പന്നിയുടെ തേറ്റ കൊണ്ട് സോമുവിന്റെ തുടകളിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രാമ ലക്ഷ്മിക്ക് വീഴ്ചയിലാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് ഉടൻ തന്നെ അയ്യപ്പൻ കോവിൽ പ്രാഥമീക ആരോഗ്യേ കേന്ദ്രത്തിൽ എത്തിച്ചു. സാരമായി പരിക്കേറ്റ സോമുവിനെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചപ്പാത്ത് മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഭയന്നാണ് തൊഴിലാളികൾ എസ്റ്റേറ്റുകളിൽ പണി ചെയ്യുന്നത്. രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത വിധം കാട്ടുപന്നി ശല്യമാണ് നാട്ടുകാരും നേരിടുന്നത്. കാർഷിക മേഖലയിലും കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്.നിരവധി കർഷകരുടെ കൃഷിയിടങ്ങളും കാട്ടുപന്നികൾ നശിപ്പിക്കുന്നുണ്ട്.