കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു: ദേവസ്വം തന്ത്രി പ്രതിനിധി


ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള നീചമായ പ്രചാരണം നടക്കുന്നതായി കൂടൽമാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്. ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പര കക്ഷികൾ നീചമായ പ്രചാരണം നടത്തുന്നു. നിയമസഭ പാസാക്കിയ നിയമങ്ങളും ദേവസ്വം ചട്ടങ്ങളും ലംഘിച്ചാണ് കഴക നിയമനം നടത്തിയത്.
അഞ്ച് വർഷമായി കഴകപ്രവർത്തി ചെയ്‌തിരുന്നയാളെ നോട്ടീസ് കാലാവധി പോലും നൽകാതെ പിരിച്ചുവിട്ടുകൊണ്ടുള്ള ഭരണസമിതിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിൽ കള്ള പ്രചാരണങ്ങളും കലാപാഹ്വാനവും നടത്തുകയാണ് ചിലർ. ഹിന്ദു ഏകീകരണത്തെ ഭയപ്പെടുന്ന ഒരു വിഭാഗം തങ്ങളുടെ അധികാര രാഷ്ട്രീയ നിലനിൽപ്പിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും ഗോവിന്ദൻ നമ്പൂതിരിപ്പാട് പറഞ്ഞു.
ക്ഷേത്രത്തിൽ ജാതി വിവേചനം നടന്നുവന്നത് കുപ്രചരണം മാത്രമാണ്. ആരാധനാ സ്വാതന്ത്ര്യം, ആചാരാനുഷ്‌ഠാനങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.