തെലങ്കാന ടണൽ ദുരന്തം; മൃതദേഹം തിരിച്ചറിഞ്ഞു


തെലങ്കാനയിലെ നാഗർകുർണോലിൽ ടണൽ ദുരന്തത്തിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പഞ്ചാബ് സ്വദേശി ഗുർപ്രീത് സിംഗ് ആണ് മരിച്ചത്. മൃതദേഹം മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തത്. തകർന്ന ബോറിങ് യന്ത്രത്തിന്റെ ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്.
കേരളത്തിൽനിന്നെത്തിച്ച നായകൾ മനുഷ്യശരീരത്തിന്റെ സാന്നിധ്യമുള്ള രണ്ടുസ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. ഇതിലെ ആദ്യസ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേരള പൊലീസിന്റെ കഡാവർ നായ്ക്കളായ മായയും മർഫിയും ടണലിന്റെ അകത്ത് പരിശോധന തുടരുകയാണ്. ഫെബ്രുവരി 22-നുണ്ടായ അപകടത്തിൽ രണ്ട് എൻജിനീയർമാരടക്കം എട്ടുപേരാണ് ടണലിൽ അകപ്പെട്ടിരുന്നത്. തുരങ്കത്തിന്റെ അകത്ത് 13.6 കിലോമീറ്റർ അകലെയാണ് ടണൽ ബോറിംഗ് യന്ത്രം തകർന്നത്. പഞ്ചാബ്, ഉത്തർപ്രദേശ്, ജമ്മു-കശ്മീർ, ഝാർഖണ്ഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയിയുടെ ഭാഗമായ ടണൽ നിർമാണത്തിനിടെയാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ക്കും ബോറിങ് മെഷീനുകള്‍ക്കും മുകളിലേക്ക് മൂന്ന് മീറ്റർ റൂഫിങ് ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ 50 തോളം തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 42 പേരെ ടണലിന് പുറത്തെത്തിച്ചു. കൃഷ്ണ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി നിര്‍മ്മിച്ച ശ്രീശൈലം അണക്കെട്ടില്‍ നിന്ന് 50.75 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ നിര്‍മ്മിച്ച് നാഗര്‍ കുര്‍ണൂല്‍, നഗല്‍കോണ്ട ജില്ലകളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്.