കേസിലെ നിർണ്ണായക തെളിവ്, ഷൈനിയുടെ മൊബൈൽ ഫോൺ എവിടെ


ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മരിച്ച ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ല. ഷൈനി മരിക്കുന്നതിനു മുൻപ് ഭർത്താവ് നോബി വിളിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷൈനിയുടെ മാതാപിതാക്കളും ഇത് തന്നെയാണ് ആവർത്തിക്കുന്നത്. എന്നാൽ ഷൈനി ഉപയോഗിച്ചിരുന്ന ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഷൈനിയുടെ വീട്ടിൽ തന്നെയാണ് ഫോൺ ഉള്ളതായി കാണുന്നത്. അതിനാൽ ഇവിടെ വിശദമായി പരിശോധന പൊലീസ് നടത്തിയിരുന്നു.
ഷൈനി ഭർത്താവിൽ നിന്നും ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സുഹൃത്തുക്കളുടെ മെസ്സേജുകളും ഈ ഫോണിൽ നിന്നാണ് കണ്ടെത്തിയിരുന്നത്. അതുകൊണ്ടുതന്നെ കേസിൽ നിർണായ തെളിവാണ് ഷൈനിയുടെ മൊബൈൽ ഫോൺ.
അതേസമയം, ഫോൺ എവിടെ എന്നറിയില്ല എന്നാണ് ഷൈനിയുടെ മാതാപിതാക്കൾ നൽകിയിരിക്കുന്ന മൊഴി. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ വിശദമായ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആരെങ്കിലും ബോധപൂർവ്വം ഫോൺ മാറ്റിയതാണോ എന്ന സംശയവും പൊലീസിനുണ്ട്. അതുകൊണ്ടുതന്നെ ഫോൺ കണ്ടെത്താൻ വിശദമായി അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തും പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഭർത്താവ് നോബിയുടെ മൊബൈൽ ഫോൺ പൊലീസിൻ്റെ പക്കൽ ഉണ്ട്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.